തിരുവനന്തപുരം: എസ്സി-എസ്ടി ഫണ്ട് തട്ടിപ്പില്‍ കുറ്റക്കാർക്ക് എതിരെ കർശന നടപടി ഉണ്ടാകുമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ. ആരെയും സംരക്ഷിക്കില്ല. വകുപ്പ് തന്നെയാണ് തട്ടിപ്പ് കണ്ടെത്തിയതെന്നും മന്ത്രി പറഞ്ഞു. ഓൺലൈൻ ഫണ്ട് നീക്കം വന്നതോടെ തട്ടിപ്പിന് കൂടുതൽ സൗകര്യമായി. പാവപ്പെട്ടവരെ പറ്റിച്ച് ഫണ്ട് തട്ടാൻ എളുപ്പമായെന്നും മന്ത്രി പറഞ്ഞു.
പട്ടികജാതി-പട്ടികവർഗ വിദ്യാർഥികളുടെ ഫണ്ട് തട്ടിയ കേസിൽ മുഖ്യപ്രതി രാഹുല്‍ ദിവസങ്ങള്‍ക്ക് മുമ്പ് കീഴടങ്ങിയിരുന്നു. പഠനമുറി ഉൾപ്പടെയുളള വിദ്യാർഥികളുടെ ആനുകൂല്യങ്ങൾ വ്യാജ ബാങ്ക് അക്കൗണ്ടുണ്ടാക്കി രാഹുലും രണ്ട് പ്രമോട്ടർമാരും ചേർന്ന് തട്ടിയെടുത്തെന്നാണ് കേസ്. സംഭവത്തിൽ പട്ടികജാതി-പട്ടികവർഗ കമ്മീഷൻ സ്വമേധയാ കേസെടുക്കുകയായിരുന്നു.
രാഹുലും പ്രമോട്ടർമാരായ രാഹുൽ രവി, വിശാഖ് സുധാകരൻ എന്നിവരും ചേർന്ന് 75 ലക്ഷത്തിലധികം രൂപ തട്ടിച്ചെന്നാണ് വകുപ്പുതല അന്വേഷണത്തിൽ കണ്ടെത്തിയത്. പഠനമുറി നിർമാണത്തിന് രണ്ട് ലക്ഷം രൂപയും വിവാഹ സഹായമായി 75,000 രൂപയും ഗ്രാന്റായി നൽകുന്ന പദ്ധതിയിലാണ് തട്ടിപ്പ് നടത്തിയത്. ഇയാളുടെ സ്ഥലം മാറ്റത്തിന് ശേഷമായിരുന്നു വകുപ്പ്തല അന്വേഷണത്തിൽ തട്ടിപ്പ് കണ്ടെത്തിയത്.
തുടർന്ന് ഒളിവിൽ പോയ പ്രതി ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു. ജാമ്യാപേക്ഷ തള്ളിയതിനാൽ രാഹുൽ മ്യൂസിയം സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. രാഹുൽ കീഴടങ്ങിയെങ്കിലും മറ്റ് രണ്ട് പേരെ പിടികൂടാൻ ഇതുവരെ പോലീസിന് സാധിച്ചിട്ടില്ല.
Most Read: കേരളത്തില്‍ വ്യവസായത്തിനായി പണം ചിലവഴിക്കില്ല; കിറ്റെക്സ് എംഡി







































