സ്കോട്ട്ലന്‍ഡ്: കുട്ടികളെ പ്രഹരിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയ യുകെയിലെ ആദ്യ രാജ്യമായി സ്കോട്ട്ലന്‍ഡ്. ശനിയാഴ്ച മുതല്‍ രാജ്യത്ത് നിയമം പ്രാബല്യത്തില്‍ വന്നതായി ‘ദി ഗാര്ഡിയന്’ റിപ്പോര്‍ട്ട് ചെയ്തു. പുതിയ നിയമ പരിഷ്കരണത്തിലൂടെ 16 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് മുതിര്‍ന്നവരെപ്പോലെ തന്നെ ആക്രമണത്തില്‍ നിന്ന് സംരക്ഷണം ലഭിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
നേരത്തെ മാതാപിതാക്കളെയും പരിപാലകരെയും കുട്ടികളെ ശിക്ഷിക്കാന്‍ ‘ന്യായമായ ശിക്ഷ’ എന്ന നിലയില്‍ ശാരീരിക ബലപ്രയോഗം നടത്താന്‍ അനുവദിച്ചിരുന്നു. എന്നാല്‍ പുതിയ നിയമപ്രകാരം ഇത് അനുവദനീയമല്ല.
ഒരു കുട്ടിയെ പ്രഹരിക്കുന്നത് നിയമവിരുദ്ധമാണെന്ന് മനസിലാക്കാന്‍ സാധിച്ചതായി നിയമം അവതരിപ്പിച്ച സ്കോട്ടിഷ് പാര്‍ലമെന്റ് അംഗം ജോണ്‍ ഫിന്നി പറഞ്ഞതായി ഗാര്ഡിയന് റിപ്പോര്‍ട്ട് ചെയ്തു.നിയമം ഇപ്പോള്‍ പ്രാബല്യത്തില്‍ വന്നതില്‍ സന്തുഷ്ടനാണെന്നും അദ്ദേഹം പറഞ്ഞു.
ശാരീരിക ശിക്ഷ നിരോധിക്കുന്ന ലോകത്തിലെ 58ആമത്തെ രാജ്യമാണ് സ്കോട്ട്ലന്‍ഡ്. സ്വീഡന് ആണ് കുട്ടികള്‍ക്കെതിരെയുള്ള ചൂഷണം നിയമ വിരുദ്ധമാക്കിയ ആദ്യ രാജ്യം. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ വെയില്‍സും ഇത് പിന്തുടരുമെന്നും സമാനമായ നിയമം പാസാക്കുമെന്നുമാണ് സൂചന.
Read Also: ഡെല്‍ഹിയിലെ വായു നിലവാരം; നില മെച്ചപ്പെടാന്‍ സമയമെടുക്കുമെന്ന് കേന്ദ്രം
പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് ആക്രമണത്തില്‍ നിന്ന് സംരക്ഷണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി നിയമനിര്‍മ്മാണം നടത്തുന്ന യുകെയിലെ ആദ്യത്തെ ഭാഗമായി സ്കോട്ട്ലന്‍ഡ് മാറിയതില്‍ താന്‍ സന്തുഷ്ടനാണെന്ന് രാജ്യത്തെ കുട്ടികളുടെ മന്ത്രി മാരി ടോഡ് പ്രസ്താവനയില്‍ പറഞ്ഞു. ‘കാലഹരണപ്പെട്ട ഈ പ്രതിരോധത്തിന് ആധുനിക സ്കോട്ട്ലന്‍ഡില്‍ സ്ഥാനമില്ല. ഒരു കുട്ടിയെ അടിക്കുന്നത് ഒരിക്കലും ന്യായീകരിക്കാനാവില്ല’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കുട്ടികളെ പ്രഹരിക്കുന്നത് തടയാനുള്ള ബില്‍ കഴിഞ്ഞ വര്‍ഷം ഫിന്നി സ്കോട്ടിഷ് പാര്‍ലമെന്റില്‍ അവതരിപ്പിച്ചിരുന്നു. സ്കോട്ടിഷ് നാഷണല്‍ പാര്‍ട്ടി (എസ്എന്‍പി), ലേബര്‍, ലിബ് ഡെംസ്, കൂടാതെ കുട്ടികളുടെ ചാരിറ്റിയുമായി ബന്ധപ്പെട്ട നിരവധി സംഘടനകളുടെ പിന്തുണ നേടാനും അദ്ദേഹത്തിന് കഴിഞ്ഞു.
രാജ്യത്തെ സ്കൂളുകളിലെയും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും കുട്ടികള്‍ക്കുമേലുള്ള എല്ലാ ശാരീരികമായ ശിക്ഷകളും ഇതിനോടകം നിരോധിച്ചിരുന്നു.
Kerala News: എംസി കമറുദ്ദീന് എംഎല്‍എ അറസ്റ്റില്‍







































