കൊടുവള്ളി: വോട്ടെടുപ്പിനിടെ കോഴിക്കോട് കൊടുവള്ളിയിൽ എസ്‌ഡിപിഐ, എൽഡിഎഫ് പ്രവർത്തകർ തമ്മിൽ സംഘർഷം. കരുവംപൊയിൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിന് സമീപമാണ് സംഘർഷം ഉണ്ടായത്. കൊടുവള്ളി നഗരസഭയിലെ 16, 17, 19 ഡിവിഷനുകളിലെ പോളിംഗ് ബൂത്തുകൾ ഈ സ്‌കൂളിലാണ്. ഏകദേശം അര മണിക്കൂര്‍ നേരം നീണ്ടുനിന്ന സംഘര്‍ഷം പോലീസ് സ്‌ഥലത്തെത്തിയ ശേഷമാണ് അവസാനിച്ചത്. പാർട്ടികളുടെ നേതാക്കള്‍ അടക്കമുള്ളവര്‍ പ്രദേശത്തെത്തിയിട്ടുണ്ട്. നിലവില്‍ സ്‌ഥിതി ശാന്തമാണെങ്കിലും പോലീസ് സുരക്ഷ വർധിപ്പിച്ചു.
മലപ്പുറം ജില്ലയിലും പോളിംഗിനിടെ സംഘർഷമുണ്ടായിരുന്നു. പെരുമ്പടപ്പ് കോടത്തൂരിൽ പോളിംഗ് ബൂത്തിന് മുന്നിൽ എൽഡിഎഫ്, യുഡിഎഫ് പ്രവർത്തകർ തമ്മിലാണ് ഏറ്റുമുട്ടിയത്. ഓപ്പൺ വോട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട് നടന്ന തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. യുഡിഎഫ് സ്‌ഥാനാർഥി സുഹറ അഹമ്മദിന് സംഘർഷത്തിൽ പരിക്കേറ്റു.
താനൂർ നഗരസഭയിലെ 16ആം ബൂത്തിലും എൽഡിഎഫ്, യുഡിഎഫ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി. മുൻ കൗൺസിലർ ലാമി റഹ്‌മാൻ വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന ആരോപണത്തെ തുടർന്നാണ് ഇവിടെ സംഘർഷം ഉണ്ടായത്.
അതേസമയം, തദ്ദേശ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പിലും കനത്ത പോളിംഗാണ് രേഖപ്പെടുത്തുന്നത്. കോഴിക്കോട് 52.99 ശതമാനമാണ് ഇതുവരെയുള്ള പോളിംഗ്. കാസർഗോഡ്- 52.68, കണ്ണൂർ- 53. 5, മലപ്പുറം- 53.49 എന്നിങ്ങനെയാണ് പോളിംഗ് ശതമാനം.
Malabar News: പാലിയേക്കര ടോൾ പ്ളാസ പിരിവിന് എതിരായ ഹരജി ഇന്ന് പരിഗണിക്കും