കോഴിക്കോട്: ശക്‌തമായ കടലാക്രമണത്തെ തുടർന്ന് ബേപ്പൂർ ഗോതീശ്വരം മേഖലയിലെ ഒമ്പത് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ഒമ്പത് കുടുംബങ്ങളിലെ 19 പേരെ ബേപ്പൂർ ബിസി റോഡ് ജിഎംഎൽപി സ്‌കൂളിലേക്കാണ് മാറ്റിയത്. മേഖലയിലെ കൂടുതൽ കുടുംബങ്ങളെ സമീപ വീടുകളിലേക്കും ബന്ധു വീടുകളിലേക്കും മാറ്റിയിട്ടുണ്ട്. രണ്ടാഴ്‌ച്ചയിലേറെയായി ഗോതീശ്വരത്ത് കടലാക്രമണം രൂക്ഷമാണ്.
ഗോതീശ്വരം ക്ഷേത്രം മുതൽ തൈക്കോട്ട് പൂക്കോട്ട് ക്ഷേത്രം വരെയാണ് കടലാക്രമണം രൂക്ഷമായത്. ഇന്നലെ ഉച്ചയോടെ കടലാക്രമണത്തിന്റെ ശക്‌തി കൂടുകയും വൈകിട്ടോടെ തിരമാലകൾ അതിശക്‌തമായി വീടുകളിലേക്ക് ഇരച്ചു കയറുകയുമായിരുന്നു. ഇതോടെ തീരത്തുള്ള നിരവധി വീടുകൾ വെള്ളത്തിൽ മുങ്ങി. ഒട്ടേറെ വീടുകൾ അപകടാവസ്‌ഥയിൽ ആണ്.
പള്ളിത്തൂമ്പ് പറമ്പ് വരെയുള്ള മേഖലകളിലും വെള്ളം കയറിയിട്ടുണ്ട്. ഇവിടെയുള്ള ഏതാനും കുടുംബങ്ങൾ വീടു വിട്ട് മാറി താമസിച്ചു. കടൽഭിത്തിക്ക് മുകളിലൂടെയാണ് ഇവിടെ അഞ്ചും പത്തും മീറ്റർ ഉയരത്തി വരെ തിരയടിക്കുന്നത്. നിരവധി വീടുകൾ ഇവിടെ കടലേറ്റത്തിന് ഇരയായിട്ടുണ്ട്. പോലീസ്, റവന്യൂ വിഭാഗങ്ങൾ എത്തിയാണ് ഇന്നലെ രാത്രി ഒമ്പതോടെ ഗോതീശ്വരം മേഖലയിൽ ഉള്ളവരെ മാറ്റിപ്പാർപ്പിച്ചത്. കടലേറ്റം രൂക്ഷമാകുന്ന സാഹചര്യത്തിൽ കൂടുതൽ കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു.
Read Also: ആലത്തൂരിൽ വൻ കഞ്ചാവ് വേട്ട; 130 കിലോ പിടികൂടി; രണ്ട് പേർ അറസ്‌റ്റിൽ






































