കാർവാർ (കർണാടക): മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തിരച്ചിൽ ഇന്ന് എട്ടാം ദിവസത്തിലേക്ക് പ്രവേശിച്ചു. ലോറി കരയിൽ ഇല്ലെന്ന് സൈന്യം വ്യക്‌തമാക്കിയ സാഹചര്യത്തിൽ പുഴയിൽ ഇന്ന് കൂടുതൽ തെരച്ചിൽ നടത്തും. ഇന്ന് കൂടുതൽ സേനയും ഉപകരണങ്ങളുമായാണ് ശക്‌തവും കൂടുതൽ വ്യാപകവുമായ തിരച്ചിലിനു നാവികസേന തയ്യാറെടുക്കുന്നത്.
അർജുനു വേണ്ടി ഏഴാം ദിവസം നടത്തിയ തിരച്ചിലിൽ കുടുംബം അതൃപ്‍തി അയറിയിച്ചിരുന്നു. ‘‘വലിയ പ്രതീക്ഷയിലായിരുന്നു ഞങ്ങൾ സൈന്യത്തെ കാത്തിരുന്നത്. എന്നാൽ ഉപകരണങ്ങളില്ലാതെയാണു സൈന്യം എത്തിയത്. ഒരു മനുഷ്യന് ഇത്രയേ വിലയുള്ളൂ. അവിടെ ലോറി ഇല്ലെന്ന് സ്‌ഥാപിക്കാനാണ് ശ്രമം’’– അർജുന്റെ അമ്മ ഷീല പറഞ്ഞു.
‘‘പ്രതീക്ഷകൾ അസ്‌തമിക്കുകയാണ്. ഇനിയും സമയം വൈകിക്കരുത്. പുഴയ്‌ക്കും റോഡിനുമിടയിലുള്ള ഭാഗത്തും തിരച്ചിൽ ഊർജിതമാക്കണം. അവസാനമായി ഒരുവട്ടമെങ്കിലും എനിക്ക് അർജുനെ കാണണം’’–അർജുന്റെ ഭാര്യ കൃഷ്‌ണപ്രിയ പറഞ്ഞു.
പുഴയോരത്തെ മണ്ണ് നീക്കംചെയ്യാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. അതിനിടെ, സ്‌ഥലത്തുനിന്ന് ഒരു മൃതദേഹംകൂടി കണ്ടെത്തിയിട്ടുണ്ട്. ഒരു സ്‍ത്രീയുടെ മൃതദേഹമാണ് കണ്ടെത്തിയത്. 16ന് രാവിലെ 8.30ന് ആണ് ഷിരൂർ കുന്നിൽനിന്നു റോഡിലേക്കും പുഴയിലേക്കും മണ്ണിടിഞ്ഞത്. കുന്നിടിഞ്ഞുവീണ മണ്ണിനൊപ്പം അർജുനും ലോറിയും പുഴയിലേക്കു വീണിരിക്കാമെന്ന സാധ്യതയിലാണു തിരച്ചിൽ.
25 അടിയിലേറെ ആഴമുള്ള പുഴയിൽ ലോറി മണ്ണുമൂടി കിടപ്പുണ്ടാവാം. പുഴയിൽവീണ ലോറി ഒഴുകിപ്പോകാനുള്ള സാധ്യതയുമുണ്ട്. അപകടത്തിൽപെട്ട പാചകവാതക ടാങ്കർലോറി അപകടസ്‌ഥലത്തുനിന്ന് 7 കിലോമീറ്റർ മാറി പുഴയിൽനിന്നാണു കിട്ടിയത്. പുഴയില്‍ അടിയൊഴുക്ക് ശക്‌തമാണ്.
പ്രദേശത്ത് ഇടവിട്ട് മഴപെയ്യുന്നത് തിരച്ചിലിന് വെല്ലുവിളിയാകുന്നുണ്ട്. അവസാനം സിഗ്‌നൽ ലഭിച്ചിടത്ത് വിശദമായ പരിശോധന നടത്താനാണ് നീക്കം. സിഗ്നല്‍ ലഭിച്ചിടത്ത് ലോറിയുണ്ടാവാം എന്നാണ് കരുതുന്നത്. എന്നാല്‍, മണ്ണിനൊപ്പം തന്നെ ലോഹസാന്നിധ്യം കൂടിയ പാറകളും മണ്ണിനടിയിലുള്ളതിനാല്‍ ഇപ്പോൾ ലഭിച്ചത് അതിന്റെ സിഗ്‌നലാകാനും സാധ്യതയുണ്ടെന്ന് വിദഗ്‌ധർ പറയുന്നു.
KAUTHUKAM | ഇത് ഇന്ത്യക്കാരി പശു; ബ്രസീലിൽ വിറ്റ വില കേട്ടാൽ ഞെട്ടും!








































