കോഴിക്കോട്: ജില്ലയിലെ പതങ്കയം വെള്ളച്ചാട്ടത്തിൽ കാണാതായ 17കാരനായ വിദ്യാർഥിക്കായുള്ള തിരച്ചിൽ ഇന്നും തുടരും. കഴിഞ്ഞ തിങ്കളാഴ്ചയാണ് ചാത്തമംഗലം സ്വദേശി ഹുസ്നിയെ വെള്ളച്ചാട്ടത്തിനടുത്ത് വെച്ച് കാണാതായത്. ഫോട്ടോ എടുക്കുന്നതിനിടെ ഒഴുക്കിൽ പെടുകയായിരുന്നു. പുഴയ്ക്ക് കുറുകെ വടംകെട്ടിയും ക്യാമറ ഉപയോഗിച്ചുമാണ് നിലവിൽ തിരച്ചില്‍ തുടരുന്നത്.
കഴിഞ്ഞ ദിവസങ്ങളിലായി തിരച്ചിൽ തുടരുകയാണെങ്കിലും ഇതുവരെയും കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കൂട്ടുകാർക്കൊപ്പം പതങ്കയം വെള്ളച്ചാട്ടം കാണാനായി കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിക്കാണ് ഹുസ്നി സ്ഥലത്തെത്തിയത്. തുടർന്ന് പുഴക്കരയിലെ പാറയിൽ നിന്ന് ഫോട്ടോ എടുക്കുമ്പോൾ ഹുസ്നി കാൽ വഴുതി പുഴയിലേക്ക് വീഴുകയായിരുന്നു എന്നാണ് കൂട്ടുകാർ വ്യക്തമാക്കുന്നത്.
അതേസമയം കോഴിക്കോട് മഴക്കെടുതി തുടരുകയാണ്. കോഴിക്കോട്ടെ ഇരുവഴഞ്ഞി, ചാലിയാര്‍, ചെറുപുഴ എന്നിവിടങ്ങളിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. കൂടാതെ കക്കയം ഡാമിന്റെ ഷട്ടര്‍ തുറന്ന് വെള്ളം ഒഴുക്കിവിടുന്നുണ്ട്. ഇതേ തുടർന്ന് കുറ്റ്യാടി പുഴയോരത്തുള്ളവര്‍ക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
Read also: ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയുടെ മരണം; രാജ്യത്ത് നാളെ ദുഃഖാചരണം






































