ന്യൂഡെൽഹി: യുഎസ് ഷോർട്ട് സെല്ലറായ ഹിൻഡൻ ബർഗിന്റെ ആരോപണങ്ങൾ നിഷേധിച്ച് സെക്യൂരിറ്റിസ് ആൻഡ് എക്‌സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) ചെയർപേഴ്‌സൻ മാധബി പുരി ബുച്ച്. അദാനി ഗ്രൂപ്പിന്റെ ഷെൽ കമ്പനികളിൽ മാധബി പുരിക്ക് നിക്ഷേപം ഉണ്ടെന്നായിരുന്നു ഹിൻഡൻബർഗിന്റെ ആരോപണം.
ആരോപണങ്ങൾ അടിസ്‌ഥാന രഹിതമാണെന്നും ജീവിതവും സാമ്പത്തിക ഇടപെടലുകളും തുറന്ന പുസ്‌തകമാണെന്നും മാധബി പുരി ബുച്ച് പ്രസ്‌താവനയിൽ വ്യക്‌തമാക്കിയതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തു. ഹിൻഡൻ ബർഗ് പുറത്തുവിട്ട റിപ്പോർട്ടിലെ ആരോപണങ്ങൾ ശക്‌തമായി നിഷേധിക്കുന്നുവെന്നും അവർ വ്യക്‌തമാക്കി.
എല്ലാ സാമ്പത്തിക ഇടപാടുകളും പരിശോധനക്ക് വിധേയമാക്കാൻ തയ്യാറാണെന്നും സുതാര്യതക്കായി വിശദമായ പ്രസ്‌താവന പുറത്തുവിടുമെന്നും മാധബി പുരി ബുച്ച് അറിയിച്ചു. മാധബിക്കും ഭർത്താവ് ധവാൽ ബുച്ചിനും അദാനിയുടെ വിദേശത്തെ കടലാസ് (ഷെൽ കമ്പനി) കമ്പനിയിൽ നിക്ഷേപ പങ്കാളിത്തം ഉണ്ടെന്നായിരുന്നു വിസിൽബ്ളോവർ വഴി ലഭിച്ച രേഖകൾ ചൂണ്ടിക്കാട്ടി ഹിൻഡൻ ബർഗ് ആരോപിച്ചത്.
2023 ജനുവരിയിലാണ് അദാനി ഗ്രൂപ്പിനെതിരെ ഹിൻഡൻബർഗ് ആദ്യമായി ആരോപണം ഉന്നയിച്ചത്. റിപ്പോർട് പുറത്തുവന്നതോടെ അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരി മൂല്യത്തിൽ 72 ലക്ഷം കോടി രൂപയുടെ ഇടിവ് ഉണ്ടായിരുന്നു. വിദേശത്ത് രൂപീകരിച്ച കടലാസ് കമ്പനികളിൽ നിന്നും സ്വന്തം കമ്പനികളിലെ ഓഹരികളിൽ നിക്ഷേപം ഓഹരിവില പെരിപ്പിച്ചുകാട്ടി അദാനി ഗ്രൂപ്പ് വൻ ലാഭം കൊയ്‌തു എന്നത് ഉൾപ്പടെയുള്ള ആരോപണങ്ങളാണ് ഹിൻഡൻ ബർഗ് പുറത്തുവിട്ടത്.
85 ശതമാനത്തോളം പെരുപ്പിച്ച തുകയിലാണ് ഓഹരി വ്യാപാരമെന്നായിരുന്നു ഹിൻഡൻബർഗ് റിപ്പോർട്. 12,000 കോടി ഡോളർ വിപണി മൂല്യമുള്ള ഗ്രൂപ്പ് 10,000 കോടിയിലേറെ നേടിയത് ഇത്തരത്തിലാണെന്നും രണ്ടു വർഷത്തെ അന്വേഷണത്തിലൂടെ തയ്യാറാക്കിയെന്ന് അവകാശപ്പെടുന്ന റിപ്പോർട്ടിൽ പറഞ്ഞിരുന്നു.
അദാനി ഗ്രൂപ്പ് കമ്പനികളിൽ അക്കൗണ്ടിങ്ങുമായി ബന്ധപ്പെട്ട തട്ടിപ്പുകൾ വ്യാപകം, ഗ്രൂപ്പിൽപ്പെട്ട കമ്പനികളുടെ ഓഹരി മൂല്യം പെരുപ്പിച്ചു കാട്ടുന്നത് തന്ത്രങ്ങളിലൂടെ, കോർപറേറ്റ് രംഗത്ത് ദുർഭരണം, ഗ്രൂപ്പിന്റെ അതിഭീമമായ കടബാധ്യത ഇന്ത്യയിലെ ബാങ്കിങ് വ്യവസായത്തിന് ഭീഷണി തുടങ്ങിയവയായിരുന്നു ഹിൻഡൻബർഗ് ഉയർത്തിയ പ്രധാന ആരോപണങ്ങൾ.
എന്നാൽ, അന്വേഷിച്ച് നടപടി എടുക്കേണ്ട സെബി, അദാനിയെ സംരക്ഷിക്കാനുള്ള ശ്രമങ്ങളാണ് നടത്തിയതെന്നും ഹിൻഡൻബർഗ് ആരോപിച്ചിരുന്നു. ആരോപണങ്ങൾ അന്ന് സെബി നിഷേധിച്ചു. വിഷയം പിന്നീട് സുപ്രീം കോടതിയുടെ പരിഗണനയിൽ എത്തിയെങ്കിലും, കേവലം ആരോപണങ്ങൾ മാത്രമാണെന്നും തെളിവില്ലെന്നുമാണ് കോടതിയും നിരീക്ഷിച്ചത്. 2024 ജൂൺ 27ന് സെബി ഹിന്ദൻബർഗിന് കാരണം കാണിക്കൽ നോട്ടീസും നൽകി. പിന്നാലെയാണ് ഹിൻഡൻബർഗ് പുതിയ വിവരങ്ങൾ പുറത്തുവിട്ടത്.
Most Read| ‘ദുരന്തമുഖത്ത് കേരളം ഒറ്റയ്‌ക്കല്ല, രാജ്യം ഒപ്പമുണ്ട്; വയനാടിന്റെ ഭാവി നമ്മുടെ ഉത്തരവാദിത്തം’