മേപ്പാടി: വയനാടിനൊപ്പം ഉണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വയനാട് ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിന് സാധ്യമായ എല്ലാ സഹായവും സംസ്‌ഥാനത്തിനായി നൽകുമെന്നും പ്രധാനമന്ത്രി ഉറപ്പ് നൽകി. കളക്‌ട്രേറ്റിലെ അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുരന്തമുഖത്ത് കേരളം ഒറ്റയ്‌ക്കല്ലെന്നും രാജ്യം ഒപ്പമുണ്ടെന്നും പ്രധാനമന്ത്രി അറിയിച്ചു.
”ദുരന്തമുണ്ടായ അന്ന് രാവിലെ തന്നെ മുഖ്യമന്ത്രി പിണറായി വിജയനുമായി ഫോണിൽ സംസാരിച്ചു. കേന്ദ്രസംഘത്തെ അതിവേഗം അയച്ചു. രക്ഷാപ്രവർത്തനത്തിനും ചികിൽസാ സഹായത്തിനും വേണ്ടതെല്ലാം ചെയ്‌തു. വയനാട്ടിൽ ദുരന്തബാധിതരെ കാണുകയും അവരോട് നേരിട് സംസാരിച്ച് കാര്യങ്ങൾ മനസിലാക്കുകയും ചെയ്‌തു”- പ്രധാനമന്ത്രി പറഞ്ഞു.
”ഒരുപാട് കുടുംബങ്ങളുടെ സ്വപ്‌നമാണ് തകർന്നത്. അവരുടെ പുനരധിവാസം സുപ്രധാനമാണ്. ദുരന്തത്തെ തടയാനാകില്ല. എന്നാൽ, ദുരന്തബാധിതരുടെ ഭാവി നമ്മുടെ ഉത്തരവാദിത്തമാണ്. കേന്ദ്ര സർക്കാർ ദുരന്തം നേരിടുന്ന ജനങ്ങൾക്കൊപ്പമാണ്. ദുരന്തത്തിന്റെ പൂർണമായ കാര്യങ്ങൾ ഉൾപ്പെടുത്തി കേന്ദ്രത്തിന് നിവേദനം നൽകുമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്”- പ്രധാനമന്ത്രി അറിയിച്ചു.
”ദുരന്തബാധിതർ ഒറ്റയ്‌ക്കല്ല. എല്ലാവരും ഈ ദുഃഖത്തിന്റെ ഘട്ടത്തിൽ അവരോടൊപ്പമുണ്ട്. സർക്കാരിന്റെ നിവേദനം ലഭിച്ചാൽ അനുഭാവപൂർവമായ നിലപാട് സ്വീകരിക്കും. കുടുംബം നഷ്‌ടപ്പെട്ട കുട്ടികളുണ്ട്. അവരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. അക്കാര്യത്തിലും സർക്കാരുമായി സംസാരിച്ച് സഹകരിച്ച് വേണ്ടത് ചെയ്യും. പുനരധിവാസ പ്രവർത്തനങ്ങൾക്കുള്ള പാക്കേജ് സംബന്ധിച്ച് അധികം വൈകാതെ തീരുമാനമെടുക്കും. പുനരധിവാസത്തിന് പണം ഒരു തടസമാകില്ല”- പ്രധാനമന്ത്രി വ്യക്‌തമാക്കി.
Most Read| സംസ്‌ഥാനത്ത് അഞ്ചു ദിവസം ശക്‌തമായ മഴ; നാളെ രണ്ടു ജില്ലകളിൽ ഓറഞ്ച് അലർട്