തിരുവനന്തപുരം : സംസ്‌ഥാനത്ത് വാക്‌സിനേഷന്‍ നടപടികള്‍ പുരോഗമിക്കുന്ന സാഹചര്യത്തില്‍ രണ്ടാംഘട്ട വാക്‌സിന്‍ നാളെ രാവിലെയോടെ കേരളത്തിലെത്തും. രാവിലെ 11.15ഓടെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഗോ എയര്‍ വിമാനത്തിലാണ് വാക്‌സിന്‍ എത്തിക്കുന്നത്. എറണാകുളം, കോഴിക്കോട്, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ വിതരണം ചെയ്യാനുള്ള വാക്‌സിനാണ് നാളെ എത്തുന്നത്. കേന്ദ്രത്തിന്റെ മാര്‍ഗനിര്‍ദേശം അനുസരിച്ച് സംസ്‌ഥാന ആരോഗ്യവകുപ്പാണ് വാക്‌സിന്‍ വിതരണം ചെയ്യുന്നത്. ഇതില്‍ എറണാകുളത്തേക്ക് 12 ബോക്‌സും, കോഴിക്കോടേക്ക് 9 ബോക്‌സും, ലക്ഷദ്വീപിലേക്ക് 1 ബോക്‌സുമാണ് നാളെ വിതരണം ചെയ്യുക.
രാജ്യമെമ്പാടും വാക്‌സിനേഷന്‍ പുരോഗമിക്കുമ്പോള്‍ കേരളത്തില്‍ വാക്‌സിനേഷന്‍ നടപടികള്‍ വേഗത്തിലല്ല നടക്കുന്നതെന്ന് കേന്ദ്രം വ്യക്‌തമാക്കി. രാജ്യത്തെ വാക്‌സിനേഷനുകള്‍ പ്രതിദിനം വിലയിരുത്തുന്ന കേന്ദ്രം കഴിഞ്ഞ ദിവസം വരെയുള്ള രാജ്യത്തെ സാഹചര്യങ്ങള്‍ വിലയിരുത്തിയ ശേഷമാണ് കേരളത്തിലെ വാക്‌സിനേഷന്‍ നടപടികളിലെ മെല്ലെപ്പോക്കിൽ അതൃപ്‌തി അറിയിച്ചത്. എന്നാല്‍ വാക്‌സിനേഷന്‍ ആളുകള്‍ക്കിടയില്‍ ഉണ്ടാക്കുന്ന ഭീതി മൂലമാണ് നടപടികള്‍ വൈകുന്നതെന്ന് കേരളം അറിയിച്ചു.
സംസ്‌ഥാനത്ത് വാക്‌സിനേഷന്‍ നടപടികള്‍ വേഗത്തിലാക്കാന്‍ കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുണ്ട്. മുന്‍ഗണന വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ആളുകള്‍ വാക്‌സിന്‍ സ്വീകരിക്കുന്നത് കേരളത്തില്‍ വളരെയധികം കുറവായ സാഹചര്യത്തില്‍ അത് പരിഹരിക്കാന്‍ വേണ്ട ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കാനും കേന്ദ്രം സംസ്‌ഥാനത്തിന് നിര്‍ദേശം നല്‍കി. നിലവില്‍ 25 ശതമാനത്തില്‍ താഴെയാണ് മുന്‍ഗണന വിഭാഗത്തില്‍ പെട്ടവര്‍ വാക്‌സിന്‍ സ്വീകരിക്കുന്ന തോത്. കേരളത്തിന് പുറമെ പഞ്ചാബ്, ഛത്തീസ്‌ഗഡ്, തമിഴ്‌നാട് എന്നിവിടങ്ങളിലാണ് വാക്‌സിനേഷന്‍ നടപടികളില്‍ മെല്ലെപ്പോക്ക് തുടരുന്നതെന്ന് കേന്ദ്രം വ്യക്‌തമാക്കി. എന്നാല്‍ വരും ദിവസങ്ങളില്‍ വാക്‌സിനേഷന്‍ നടപടികള്‍ വേഗത്തിലാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാമെന്ന് പ്രതിദിന അവലോകന യോഗത്തില്‍ സംസ്‌ഥാനം കേന്ദ്രത്തെ അറിയിച്ചു.
Read also : യുപിയില്‍ മോദിക്കും യോഗിക്കുമെതിരെ ഫേസ്ബുക്ക് പോസ്‌റ്റിട്ട നിയമവിദ്യാര്‍ഥി അറസ്‌റ്റില്‍