വയനാട്: തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. അഞ്ചു ജില്ലകളാണ് ഇന്ന് വിധിയെഴുതുന്നത്. കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട് എന്നീ ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ്. ഒന്നാം ഘട്ട വോട്ടെടുപ്പിന് സമാനമായി ഇന്നും രാവിലെ തന്നെ എല്ലാ ജില്ലകളിലും ബൂത്തുകൾക്ക് മുന്നിൽ നീണ്ട നിരയാണ്.
99 ലക്ഷത്തോളം വോട്ടര്‍മാരാണ് ഇന്ന് പോളിംഗ് ബൂത്തിലെത്തുന്നത്. അഞ്ചു ജില്ലകളിൽ നിന്നായി 457 തദ്ദേശ സ്ഥാപനങ്ങളിലെ 8,116 വാർഡുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. രാവിലെ ഏഴ് മുതൽ വൈകീട്ട് ആറു വരെയാണ് പോളിംഗ്. ഇന്നലെ മൂന്ന് മണിക്ക് ശേഷം കോവിഡ് സ്ഥിരീകരിച്ചവർക്ക് പിപിഇ കിറ്റണിഞ്ഞ് പോളിംഗിന്റെ അവസാന മണിക്കൂറിൽ വോട്ട് ചെയ്യാം.
പോളിംഗ് കേന്ദ്രങ്ങളിലോ പരിസരത്തോ അരും തിരഞ്ഞെടുപ്പ് ചിഹ്നമുള്ള മാസ്ക് ധരിക്കരുതെന്ന് കര്‍ശന നിര്‍ദേശമുണ്ട്. തിരഞ്ഞെടുപ്പ് നടക്കുന്ന ജില്ലകളില്‍ 19,736 പോലീസുകാരെയാണ് സുരക്ഷക്കായി നിയോഗിച്ചിട്ടുള്ളത്. കൂടാതെ സ്പെഷ്യൽ പോലീസ് ഓഫീസര്‍മാരെയും, ഹോം ഗാര്‍ഡുമാരെയും ഇത്തവണ ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ട്.
കോട്ടയം, എറണാകുളം, വയനാട് ജില്ലകളിൽ മേൽക്കൈ നിലനിർത്തുകയെന്നതാണ് യുഡിഎഫിന്റെ ലക്ഷ്യം. തൃശൂരിലും പാലക്കാട്ടും ആധിപത്യം നിലനിർത്തുന്നതിനൊപ്പം ജോസ് കെ മാണിയുടെ വരവോടെ കോട്ടയത്തേയും ഇടതിനൊപ്പം നിർത്തുകയാണ് എൽഡിഎഫ് ശ്രമം. അതേസമയം, പാലക്കാട് നഗരസഭയിൽ കഴിഞ്ഞ തവണ ലഭിച്ച ഭരണം നിലനിർത്തുക, തൃശൂർ കോർപ്പറേഷനിൽ വൻ മുന്നേറ്റം നടത്തുക എന്നതാണ് ബിജെപി ലക്ഷ്യം വെക്കുന്നത്.
എന്നാൽ കോട്ടയത്ത് എൽഡിഎഫ്-യുഡിഎഫ് പോരാട്ടം എന്നതിനേക്കാൾ കേരള കോൺഗ്രസിലെ ജോസ് – ജോസഫ് പക്ഷങ്ങളുടെ ഏറ്റുമുട്ടലാണ് ശ്രദ്ധേയം. കേരളാ കോൺഗ്രസിന്റെ കൂടുമാറ്റം എങ്ങനെ പ്രതിഫലിക്കുമെന്ന് കൂടി ഈ തിരഞ്ഞെടുപ്പിൽ വ്യക്തമാകും. കേരളാ കോൺഗ്രസിന്റെ മുന്നണി പ്രവേശനം നേട്ടമാകുമെന്ന് കരുതുന്ന ഇടതുമുന്നണിക്കും, കേരള കോൺഗ്രസ് എം പോയത് തങ്ങളെ ബാധിക്കില്ലെന്ന് അവകാശപ്പെടുന്ന യുഡിഎഫിനും ഇത് അഭിമാന പോരാട്ടമാണ്.
Also Read: കോവിഡ് രോഗികളുടെ വീടിന് മുന്നില്‍ പോസ്റ്റര്‍ പാടില്ല; സുപ്രീം കോടതി








































