കൊച്ചി: വ്യാജ പുരാവസ്‌തുക്കളുടെ മറവിൽ കോടികളുടെ തട്ടിപ്പ് നടത്തിയ കേസിലെ പ്രതി മോൻസൺ മാവുങ്കലിന്റെ വീട്ടിലെ ഒളിക്യാമറകൾ പിടിച്ചെടുത്തു. മോൻസന്റെ ഗസ്‌റ്റ് ഹൗസിലെ കിടപ്പുമുറിയിൽ നിന്നും സൗന്ദര്യ ചികിൽസാ കേന്ദ്രത്തിൽ നിന്നുമാണ് ക്യാമറകൾ പിടിച്ചെടുത്തത്. ക്രൈം ബ്രാഞ്ചും സൈബർ പോലീസും ചേർന്നാണ് പരിശോധന നടത്തിയത്.
വോയിസ് കമാൻഡ് അനുസരിച്ച് റെക്കോർഡിങ് സംവിധാനം വഴി പ്രവർത്തിച്ചിരുന്ന ക്യാമറകൾ വഴി പകർത്തിയ ദൃശ്യങ്ങൾ മൊബൈലിലും മറ്റ് ഡിവൈസുകളിലും മോൻസണ് നേരിട്ട് കാണാനുള്ള സംവിധാനമുണ്ടായിരുന്നു. സ്വകാര്യ കേബിൾ നെറ്റ്‌വർക്കിങ് ഏജൻസിയെ ഉപയോഗിച്ചായിരുന്നു ക്യാമറകൾ സ്‌ഥാപിച്ചത്. ആരുടെയൊക്കെ ദൃശ്യങ്ങൾ പകർത്തിയിട്ടുണ്ടെന്നും ഇത് ഐ ക്‌ളൗഡ് ഉൾപ്പടെയുള്ളവയിലേക്ക് മാറ്റിയിട്ടുണ്ടോ എന്നറിയാനും മോൻസണെ കസ്‌റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യേണ്ടതുണ്ട്. പോക്‌സോ കേസിൽ കസ്‌റ്റഡിയിൽ വാങ്ങാനുള്ള അപേക്ഷയ്‌ക്കൊപ്പം ക്രൈം ബ്രാഞ്ച് ഈ കേസിലും അപേക്ഷ നൽകും.
ഇതിനിടെ അറസ്‌റ്റിലായ ശേഷം മോൻസന്റെ ഒരു പെൻഡ്രൈവ് കത്തിച്ച് കളഞ്ഞതായി വിവരമുണ്ട്. മോൻസൺ നൽകിയ നിർദ്ദേശം അനുസരിച്ച് ഒരു ജീവനക്കാരനാണ് പെൻഡ്രൈവ് കത്തിച്ചതെന്നാണ് വിവരം. മോൻസന്റെ മ്യൂസിയത്തിൽ മാത്രം 28 ക്യാമറകളാണ് സ്‌ഥാപിച്ചിരുന്നത്. ഇതിലൂടെ മോൻസണ് ഗസ്‌റ്റ് ഹൗസിലിരുന്ന് തന്റെ മൊബൈലിൽ ദൃശ്യങ്ങൾ കാണാനുള്ള സൗകര്യവും ഒരുക്കിയിരുന്നു. ഒറ്റനോട്ടത്തിൽ തിരിച്ചറിയാനാകാത്ത രീതിയിലാണ് കിടപ്പുമുറിയിലും സ്‌പായിലും ക്യാമറകൾ സ്‌ഥാപിച്ചിരുന്നത്.
ക്യാമറകൾ സ്‌ഥാപിച്ച നെറ്റ്‌വർക്കിങ് ഏജൻസിയെയും ഗസ്‌റ്റ് ഹൗസിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്‌തു. ക്യാമറകൾ വഴി ആരുടെയൊക്കെ ദൃശ്യങ്ങളാണ് പകർത്തിയതെന്നും ഇത് ശേഖരിച്ച് സൂക്ഷിച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങൾ അറിയാൻ മോൻസനെ കൂടുതൽ ചോദ്യം ചെയ്യും.കസ്‌റ്റഡിയിൽ എടുത്ത ക്യാമറകൾ ശാസ്‌ത്രീയ പരിശോധനയ്‌ക്ക് അയക്കും.
Also Read: കുഞ്ഞിനെ കണ്ടെത്താൻ ഹൈക്കോടതിയെ സമീപിക്കുമെന്ന് അനുപമ