തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോള്‍ ഓഫീസിലുണ്ടായ തീപ്പിടിത്തവുമായി ബന്ധപ്പെട്ട സാമ്പിളുകള്‍ വിദഗ്ധ പരിശോധനക്കായി കേന്ദ്ര ലാബിലേക്കയച്ച് പോലീസ്. തീപിടിത്തം സംബന്ധിച്ച് കൂടുതല്‍ വ്യക്‌തത വരുത്താനാണ് നടപടി. അതേസമയം തീപ്പിടിത്തമുണ്ടായത് ഫാനില്‍ നിന്നാണെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് പോലീസ്. സ്വിച്ച് ഓണായിരുന്നുവെങ്കിലും ഫാന്‍ കറങ്ങിയിരുന്നില്ല എന്നാണ് പോലീസ് പറയുന്നത്.
പരിശോധനക്ക് ശേഷം കോടതിയില്‍ സമര്‍പ്പിച്ച സാമ്പിളുകള്‍ കോടതിയുടെ അനുമതിയോടെ തിരികെ വാങ്ങിയാണ് കേന്ദ്ര ലാബിലേക്ക് അയച്ചത്. ഫാനിന്റെ പ്‌ളാസ്റ്റിക് ഭാഗങ്ങളടക്കം ഉള്ളവയാണ് പ്രധാനമായും പരിശോധനക്കായി അയച്ചത്. പ്‌ളാസ്‌റ്റിക് ഭാഗത്തിന്റെ മെല്‍റ്റിങ് പോയിന്റ് കണ്ടെത്താനാണിത്. ഫോറന്‍സിക് ലാബില്‍ മെല്‍റ്റിങ് പോയിന്റ് കണ്ടെത്താനുള്ള സാങ്കേതിക സംവിധാനമില്ല എന്നാണ് പോലീസ് നല്‍കുന്ന വിശദീകരണം.
തീപിടിത്തം ഉണ്ടായത് ഫാനില്‍ നിന്നാണെന്നാണ് പോലീസിന്റെ നിഗമനം. അതേസമയം ഫോറന്‍സിക് പരിശോധനയില്‍ ഷോര്‍ട്ട്‌സര്‍ക്യൂട്ട് ഇല്ലെന്നാണ് കണ്ടെത്തല്‍. ഫോറന്‍സിക് ലാബിലെ അന്തിമ പരിശോധനാ ഫലത്തില്‍ ഫാനില്‍ നിന്ന് തീപ്പിടിത്തമുണ്ടായില്ല എന്നാണ് പറയുന്നത്.
എന്നാല്‍ സംഭവ സമയത്ത് ഫാന്‍ പ്രവര്‍ത്തിച്ചിരുന്നില്ല എന്നാണ് പോലീസ് വ്യക്‌തമാക്കുന്നത്. ഫാനിന്റെ സ്വിച്ച് ഓണ്‍ ആയിരുന്നെങ്കിലും കറങ്ങിയിരുന്നില്ല. ഫാന്‍ പ്രവര്‍ത്തിച്ചില്ലെങ്കിലും രാവിലെ 9.30 മുതല്‍ വൈകുന്നേരം വരെ സ്വിച്ച് ഓണ്‍ ആയി കിടന്നുവെന്നും തുടര്‍ന്നുണ്ടായ അമിതമായ വൈദ്യുത പ്രവാഹം മൂലം ഫാന്‍ ചൂടാവുകയായിരുന്നു എന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ചൂടായതോടെ ഫാന്‍ കനോപി ഉരുകുകയും പല ഘട്ടങ്ങളിലായി തൊട്ടുതാഴെയുള്ള ഷെല്‍ഫിലുണ്ടായിരുന്ന ഫയലില്‍ വീണ് തീപ്പിടിത്തമുണ്ടായി എന്നുമാണ് പോലീസ് നിഗമനം.
Read Also: സ്വപ്‌നയുടെ ശബ്‌ദരേഖ പോലീസിന്റെ നാടകമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍








































