ന്യൂഡെല്‍ഹി: രാമായണ്‍ എക്‌സ്‌പ്രസിലെ ജീവനക്കാര്‍ക്ക് കാവി യൂണിഫോം നൽകിയതിനെതിരെ സന്യാസിമാർ രംഗത്ത്. കാവി നിറത്തിലുള്ള വസ്‍ത്രം ധരിക്കുന്നത് തുടര്‍ന്നാല്‍ ട്രെയിന്‍ തടയുമെന്നും ഇത് ഹിന്ദുമതത്തെ അവഹേളിക്കുന്നതിന് തുല്യമാണെന്നും സന്ന്യാസിമാർ ആരോപിക്കുന്നു.
വിഷയത്തിൽ എതിര്‍പ്പ് പ്രകടിപ്പിച്ച് ഉജ്‌ജയിന്‍ അഖാഡ പരിഷത്ത് മുന്‍ ജനറല്‍ സെക്രട്ടറി അവ്ദേശ്‌പുരി കേന്ദ്ര റെയില്‍വേ മന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. യൂണിഫോം പിന്‍വലിച്ചില്ലെങ്കില്‍ ഡിസംബര്‍ 12ന് ഡെല്‍ഹിയില്‍ രാമായണ്‍ എക്‌സ്‌പ്രസ് തടയുമെന്നും കത്തില്‍ പറയുന്നു.
ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഡല്‍ഹിയിലെ സഫ്ദര്‍ജംഗ് റെയില്‍വേ സ്‌റ്റേഷനില്‍ റെയില്‍വേ ട്രാക്കില്‍ ഇരുന്നു ട്രെയിന്‍ തടയുമെന്നും ഹിന്ദു മതത്തിന്റെ സംരക്ഷണത്തിന് ഇത് ആവശ്യമാണെന്നും അവ്ദേശ്‌പുരി കത്തിൽ പറഞ്ഞു.
ഇന്ത്യയിലെ ആദ്യത്തെ രാമായണം സര്‍ക്യൂട്ട് ട്രെയിന്‍ നവംബര്‍ ഏഴിനാണ് സഫ്ദര്‍ജംഗ് റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് 17 ദിവസത്തെ യാത്ര ആരംഭിച്ചത്. രാമന്റെ ജീവിതവുമായി ബന്ധപ്പെട്ട 15 വ്യത്യസ്‌ത സ്‌ഥലങ്ങളിലേക്കാണ് ഭക്‌തരുമായി ട്രെയിൻ യാത്ര നടത്തുന്നത്.
Read also: തെലങ്കാനയിലെ സ്‌കൂളിൽ 28 കുട്ടികൾക്ക് കോവിഡ് സ്‌ഥിരീകരിച്ചു







































