തിരുവനന്തപുരം: വേണാട് എക്‌സ്‌പ്രസിൽ ദുരിതയാത്ര. വന്ദേഭാരത് കടന്നുപോകാൻ പിടിച്ചിട്ടതോടെയാണ് വേണാടിലെ യാത്ര ദുസ്സഹമായി തീർന്നിരിക്കുന്നത്. ട്രെയിനിനുള്ളിൽ യാത്രക്കാർ തല കറങ്ങി വീണു. ഇന്ന് രാവിലെ പിറവത്താണ് സംഭവം. അരമണിക്കൂറോളം നിർത്തിയിട്ട ശേഷമാണ് വേണാട് യാത്ര തുടർന്നത്.
കാലുകുത്താൻ പോലും ഇടമില്ലാതെയാണ് വേണാട് എക്‌സ്‌പ്രസ് സർവീസ് നടത്തുന്നത്. ഒരിഞ്ച് പോലും നിൽക്കാൻ സ്‌ഥലമില്ലാതെ യാത്രക്കാർ തിങ്ങിനിറഞ്ഞു യാത്ര ചെയ്യുന്ന ദൃശ്യങ്ങളും പറത്തുവന്നിട്ടുണ്ട്. മറ്റു മെമു സർവീസുകൾ ഇല്ലാത്തതിനാൽ ഇത്തരം ട്രെയിനുകളെയാണ് യാത്രക്കാർ കൂടുതലും ആശ്രയിക്കുന്നത്. ശരിയായി ശ്വാസമെടുക്കാനോ വെള്ളം പോലും കുടിക്കാനോ കഴിയാതെ ഏറെ പ്രയാസപ്പെട്ടാണ് ആളുകൾ യാത്ര ചെയ്യുന്നത്.
ഇതിനൊപ്പമാണ് വന്ദേഭാരതിന് കടന്നുപോകാൻ വേണ്ടി വേണാട് ഉൾപ്പടെയുള്ള ട്രെയിനുകൾ പിടിച്ചിടുന്നത്. വന്ദേഭാരത് സർവീസ് ആരംഭിച്ചതോടെ വേണാടിന്റെ സമയക്രമം മാറ്റിയതും യാത്രക്കാർക്ക് തിരിച്ചടിയായിട്ടുണ്ട്. കനത്ത ചൂടിലും തിക്കിലും തിരക്കിലുംപ്പെട്ടാണ് ഇന്ന് രണ്ട് യാത്രക്കാർ വേണാടിൽ കുഴഞ്ഞുവീണത്.
സംഭവത്തിന് പിന്നാലെ നിരവധി യാത്രക്കാരാണ് വിമർശനവുമായി രംഗത്തെത്തിയത്. വേണാട് എക്‌സ്‌പ്രസിലെ ദുരിത യാത്രയെക്കുറിച്ച് പലതവണ പരാതി പറഞ്ഞിട്ടും റെയിൽവേ ഇടപെടുന്നില്ലെന്ന ആരോപണവും യാത്രക്കാർ ഉന്നയിക്കുന്നുണ്ട്. വേണാടിലെ ജനറൽ കോച്ചുകളുടെ എണ്ണം വർധിപ്പിക്കുക, ട്രെയിൻ പിടിച്ചിടാത്ത രീതിയിൽ സമയക്രമം പാലിക്കുക, മെമു സർവീസുകൾ ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് യാത്രക്കാർ മുന്നോട്ടുവെക്കുന്നത്.
Most Read| ജലത്തിൽ തെളിയുന്ന മഴവിൽക്കാഴ്‌ച; ഈ ചതുപ്പുകാട് മനസിന് കുളിർമയേകും