കാസർഗോഡ്: ജില്ലയിലെ ഒരേ സ്‌കൂളിലെ ഏഴ് വിദ്യാർഥികളെ പീഡിപ്പിച്ച കേസിൽ പോലീസ് അന്വേഷണം ആരംഭിച്ചു. നാല് വർഷം മുമ്പാണ് പീഡനം നടന്നത്. എന്നാൽ, സംഭവം ഇപ്പോഴാണ് പുറംലോകം അറിയുന്നത്. സ്‌കൂളിൽ നടത്തിയ കൗൺസിലിംഗിനിടെയാണ് കുട്ടികൾ പീഡന വിവരം വെളിപ്പെടുത്തിയത്. ബേക്കൽ, അമ്പലത്തറ സ്‌റ്റേഷനുകളിൽ ഏഴ് പോക്‌സോ കേസുകളാണ് സംഭവവുമായി ബന്ധപ്പെട്ട് രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്.
ചൈൽഡ്‌ലൈൻ ഇടപെട്ടാണ് പോലീസിൽ പരാതി നൽകിയത്. കേസുമായി ബന്ധപ്പെട്ട നാല് പേർക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബേക്കൽ പോലീസ് സ്‌റ്റേഷൻ പരിധിയിൽ ഏഴ് വിദ്യാർഥികളാണ് പീഡനം നേരിട്ടതായി വെളിപ്പെടുത്തിയത്. സ്‌കൂളിൽ നടന്ന കൗൺസിലിംഗിനിടെ ആർക്കെങ്കിലും നേരെ പീഡന ശ്രമങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ തുറന്ന് പറഞ്ഞാൽ ശക്‌തമായ നടപടികൾ ഉണ്ടാകുമെന്ന് ഉദ്യോഗസ്‌ഥർ പറഞ്ഞതോടെയാണ് ഏഴ് വിദ്യാർഥിനികൾ പീഡനം നേരിട്ട വിവരം തുറന്ന് പറഞ്ഞത്.
നാല് വർഷം മുമ്പ് ആറാം ക്‌ളാസിൽ പഠിക്കുന്ന സമയത്താണ് അയൽവാസികളും അകന്ന ബന്ധത്തിൽപെട്ടവരും പീഡിപ്പിച്ചതെന്നാണ് കുട്ടികൾ വെളിപ്പെടുത്തിയത്. തൊടാൻ പാടില്ലാത്ത സ്‌ഥലങ്ങളിൽ സ്‌പർശിക്കുകയും തലോടുകയും ഉപദ്രവിക്കുകയും ചെയ്‌തുവെന്നാണ് കുട്ടികളുടെ മൊഴി. വർഷങ്ങൾക്ക് മുൻപ് നടന്ന സംഭവമായതിനാൽ വിശദമായ അന്വേഷണം നടത്തുമെന്ന് ബേക്കൽ പോലീസ് ഇൻസ്‌പെക്‌ടർ വിപി വിപിൻ അറിയിച്ചു. സ്‌കൂളിൽ പഠിക്കുന്ന വ്യത്യസ്‌ത പ്രായത്തിലുള്ള വിദ്യാർഥിനികളെ ഏഴ് സ്‌ഥലങ്ങളിൽ വെച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി.
Most Read: സംസ്‌ഥാനത്ത് ഏഴിനും എട്ടിനും മഴയ്‌ക്ക് സാധ്യത






































