വാഷിങ്‌ടൺ: റഷ്യയുടെ യുക്രൈനിലേക്കുള്ള മനുഷ്യത്വവിരുദ്ധ കടന്നുകയറ്റത്തിൽ പ്രതിഷേധിച്ച് കടുത്ത നടപടികളുമായി യുഎസ്. റഷ്യയില്‍ നിന്നുള്ള ഇന്ധന ഇറക്കുമതി പൂർണമായും നിരോധിച്ച് അമേരിക്ക ഉത്തരവിറക്കി.
എണ്ണയും ഗ്യാസും ഉൾപടെ എല്ലാ ഇന്ധനങ്ങളും നിരോധിക്കുന്നതായി പ്രസിഡണ്ട് ജോ ബൈഡൻ അറിയിച്ചു. ‘യുഎസ് തുറമുഖങ്ങളിൽ റഷ്യൻ എണ്ണ അടുപ്പിക്കില്ല. അമേരിക്കൻ ജനത റഷ്യൻ പ്രസിഡണ്ട് വ്‌ളാഡിമിർ പുടിന് നൽകുന്ന ശക്‌തമായ അടിയായിരിക്കും ഇത്. രാജ്യത്ത് ഇന്ധനവില വർധിക്കാതിരിക്കാൻ സാധ്യമായതെല്ലാം ചെയ്യും. സഖ്യരാജ്യങ്ങളുമായി ആലോചിച്ചെടുത്ത തീരുമാനമാണിത്’-ബൈഡൻ വിശദീകരിച്ചു.
ബ്രിട്ടനും നിരോധനം ആരംഭിച്ചതായാണ് വിവരം. കൂടുതൽ യൂറോപ്യൻ രാജ്യങ്ങൾ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയ്‌ക്ക് നിരോധനം ഏർപ്പെടുത്തുമെന്നാണ് റിപ്പോർട്ടുകൾ. റഷ്യൻ എണ്ണയ്‌ക്ക് ഉപരോധം ഏർപ്പെടുത്താൻ യുഎസ് കോൺഗ്രസിന് വലിയ സമ്മർദ്ദമുണ്ടായിരുന്നു. തീരുമാനം കടുത്ത സാമ്പത്തിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന കാരണത്താൽ വൈറ്റ് ഹൗസ് നീട്ടിവെക്കുകയായിരുന്നു. എന്നാൽ, ഒടുവിൽ നിരോധനമെന്ന തീരുമാനത്തിലേയ്‌ക്ക് അമേരിക്ക എത്തുകയാണ് ഉണ്ടായത്.
എണ്ണ ഇറക്കുമതി വെട്ടികുറയ്‌ക്കാൻ യുക്രൈൻ പ്രസിഡണ്ട് വ്‌ളോഡിമിർ സെലെൻസ്‌കി യുഎസിനോടും യൂറോപ്യൻ രാജ്യങ്ങളോടും അഭ്യർഥിച്ചിരുന്നു. ഇതിന് പിന്നാലെയാണ് റഷ്യൻ എണ്ണയ്‌ക്ക് യുഎസും ബ്രിട്ടനും നിരോധനം ഏർപ്പെടുത്തുന്നത്.
നേരത്തേ ഏർപ്പെടുത്തിയ നിരവധി ഉപരോധങ്ങൾ റഷ്യയിൽ സാമ്പത്തിക ഞെരുക്കം അനുഭവപ്പെടാൻ കാരണമായിട്ടുണ്ട്. ഭക്ഷ്യസാധനങ്ങളുടെ വിതണത്തിൽ പോലും റഷ്യ നിയന്ത്രണം ഏർപ്പെടുത്തി വരുന്നുണ്ട്. ഈ സാഹചര്യത്തിൽ പുതിയ ഉപരോധം റഷ്യയിൽ വലിയ പ്രത്യഘാതമാണ് സൃഷ്‌ടിക്കുക. ആഗോളതലത്തിൽ ഇന്ധനവില കുതിച്ചുയരാൻ യുഎസിന്റെ തീരുമാനം വഴിയൊരുക്കുമെന്ന ആശങ്കയും ലോകത്തിനുണ്ട്.
ഉപരോധങ്ങൾ പ്രഖ്യാപിക്കും മുൻപ് തന്നെ എണ്ണവിലയിൽ ആഗോളതലത്തിൽ വലിയ വർദ്ധനയാണ് ഉണ്ടായിരിക്കുന്നത്. 30 ശതമാനം വിലവർദ്ധിച്ച് നിലവിൽ ബ്രന്റ് ക്രൂഡോയിലിന് 130 ഡോളറോളമാണ് വില. റഷ്യൻ എണ്ണ ചൈനയിലേക്ക് കയറ്റുമതി ചെയ്യുന്നത് 32 ശതമാനം എണ്ണയാണ്. എന്നാൽ, അമേരിക്കയിൽ ആകെ ആവശ്യംവരുന്ന എണ്ണയുടെ 1.3 ശതമാനമാണ് റഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്നത്.
Most Read: 108 ആംബുലന്‍സ് പദ്ധതിയിലെ ആദ്യ വനിതാ ഡ്രൈവറാവാൻ ദീപമോൾ; എട്ടിന് ചുമതലയേൽക്കും