ബാലസോർ: ഒഡീഷയിൽ അധ്യാപകന്റെ ലൈംഗിക പീഡനം സഹിക്കവയ്യാതെ തീകൊളുത്തി ആത്‍മഹത്യയ്‌ക്ക് ശ്രമിച്ച വിദ്യാർഥിനി മരിച്ചു. 90% പൊള്ളലേറ്റ് മൂന്ന് ദിവസമായി ഭുവനേശ്വർ എയിംസ് ആശുപത്രിയിൽ ചികിൽസയിൽ ആയിരുന്നു. രക്ഷിക്കാൻ ശ്രമിച്ച സഹപാഠിയായ ആൺകുട്ടിക്കും പൊള്ളലേറ്റിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് ബാലസോറിലെ ഫക്കിർ മോഹൻ ഓട്ടോണമസ് കോളേജിലെ അസി. പ്രഫസറും വകുപ്പ് അധ്യക്ഷനുമായ സമീര കുമാർ സാഹുവിനെ അറസ്‌റ്റ് ചെയ്‌തിരുന്നു. സാഹുവിനെയും കോളേജ് പ്രിൻസിപ്പൽ ദിലീപ് കുമാർ ഘോഷിനെയും അന്വേഷണ വിധയമായി സസ്‌പെൻഡ് ചെയ്യുകയും ചെയ്‌തിരുന്നു.
കോളേജിലെ ഇന്റഗ്രേറ്റഡ് ബിഎഡ് രണ്ടാംവർഷ വിദ്യാർഥിനിയായ പെൺകുട്ടി ജൂൺ 30ന് സമീര കുമാർ സാഹുവിനെതിരെ ലൈംഗിക പീഡനത്തിന് നടപടി ആവശ്യപ്പെട്ട് പരാതി നൽകുകയും ഒരാഴ്‌ച മുൻപ് കോളേജ് ക്യാമ്പസിൽ പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്‌തിരുന്നു.
പരാതി നൽകിയിട്ടും കോളേജ് അധികൃതരോ പൊലീസോ നടപടി എടുക്കാത്തതിന് വിദ്യാർഥിനി മാനസിക സമ്മർദ്ദത്തിൽ ആയിരുന്നുവെന്ന് സഹപാഠികൾ പറയുന്നു. പ്രിൻസിപ്പലിനെ കണ്ട് മടങ്ങിയ ശേഷമായിരുന്നു ആത്‍മഹത്യാ ശ്രമം. സംഭവം അന്വേഷിക്കാൻ ഉന്നതതല സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ചികിൽസയിലിരിക്കെ വിദ്യാർഥിനിയെ രാഷ്‍ട്രപതി കഴിഞ്ഞദിവസം സന്ദർശിച്ചിരുന്നു.
Most Read| ‘യുദ്ധം അവസാനിപ്പിച്ചില്ലെങ്കിൽ കനത്ത തീരുവ’; റഷ്യയ്‌ക്ക് താക്കീതുമായി ട്രംപ്