കോഴിക്കോട്: താമരശ്ശേരിയിൽ വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ ഷഹബാസ് കൊല്ലപ്പെട്ട സംഭവത്തിൽ ഒരു വിദ്യാർഥി കൂടി അറസ്‌റ്റിൽ. പത്താം ക്ളാസ് വിദ്യാർഥിയാണ് അറസ്‌റ്റിലായത്. ഷഹബാസിനെ ആക്രമിക്കുന്നതിൽ പങ്കെടുത്തയാളാണ്. താമരശ്ശേരി സ്വദേശിയായ വിദ്യാർഥിയെ ഇന്ന് ജുവനൈൽ ജസ്‌റ്റിസ് ബോർഡിന് മുമ്പാകെ ഹാജരാക്കും.
ഇതോടെ അറസ്‌റ്റിലായവരുടെ എണ്ണം ആറായി. മുഹമ്മദ് ഷഹബാസ് കൊലപാതകത്തിൽ കൂടുതൽ വിദ്യാർഥികളുടെ പങ്ക് അന്വേഷിക്കുന്നതിനിടയിലാണ് ഒരാൾ കൂടി പിടിയിലാകുന്നത്. നേരിട്ട് പങ്കെടുത്തത് അഞ്ച് വിദ്യാർഥികൾ ആണെങ്കിലും കൂടുതൽപ്പേർ കൊലപാതകം ആസൂത്രണം ചെയ്‌തതിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. കൊലപാതകം ചർച്ച ചെയ്‌ത വാട്‌സ് ആപ് ഗ്രൂപ്പിൽ ഉൾപ്പെട്ടിരുന്ന കുട്ടികളെ കുറിച്ചും പോലീസ് അന്വേഷിച്ച് വരികയാണ്.
എസ്എസ്എൽസി പരീക്ഷ നടക്കുന്നതിനാൽ വിദ്യാർഥികളിൽ നിന്ന് വിവരങ്ങൾ തേടുന്നതിന് പരിമിതി ഉണ്ട്. അതേസമയം, ഇതുവരെയുള്ള അന്വേഷണത്തിൽ കുട്ടികളുടെ മാതാപിതാക്കളുടെയും മുതിർന്നവരുടെയും പങ്ക് കണ്ടെത്താനായിട്ടില്ല. ഇൻസ്‌റ്റാഗ്രാമിലെയും വാട്‌സ് ആപ്പിലെയും ഗ്രൂപ്പ് ചാറ്റുകൾ പുറത്തുവന്നിരുന്നു. ഇതിൽ നിലവിൽ കസ്‌റ്റഡിയിലുള്ള അഞ്ച് വിദ്യാർഥികളെ കൂടാതെ ആസൂത്രണത്തിൽ കൂടുതൽ വിദ്യാർഥികൾ ഉൾപ്പെട്ടിട്ടുണ്ട്.
Most Read| ഒറ്റ ദിവസം ആറ് ഗണിത റെക്കോർഡുകൾ; കണക്കിൽ അമ്മാനമാടുന്ന 14 വയസുകാരൻ