മുംബൈ: ബോളിവുഡ് നടി കങ്കണ റണൗട്ടിന്റെ ഓഫീസ് കെട്ടിടം പൊളിച്ച ബ്രിഹൻമുംബൈ കോർപ്പറേഷന്റെ (ബിഎംസി) നടപടിക്കെതിരെ എൻസിപി നേതാവ് ശരദ് പവാർ. മുംബൈയിൽ നിയമവിരുദ്ധമായി നിർമ്മിച്ച ധാരാളം കെട്ടിടങ്ങളുണ്ട്. അനാവശ്യമായ ഈ നടപടി വിവാദങ്ങൾക്ക് ഇടയാക്കിയെന്നും ശരദ് പവാർ പറഞ്ഞു. ശിവസേനയുടെ നേതൃത്വത്തിലുള്ള സർക്കാരിലെ സഖ്യ കക്ഷിയാണ് എൻസിപി. അതുകൊണ്ടു തന്നെ ഇക്കാര്യത്തിൽ ശരദ് പവാറിന്റെ നിലപാട് ശ്രദ്ധേയമാണ്.
ബാന്ദ്രയിലെ ഓഫീസിൽ, ശുചിമുറി ഓഫീസ് ക്യാബിനാക്കി മാറ്റി, ഗോവണിക്കു സമീപം ശുചിമുറി നിർമ്മിച്ചു തുടങ്ങി ഒരു ഡസനിലധികം മാറ്റങ്ങൾ ബിഎംസിയുടെ അനുമതിയില്ലാതെ കങ്കണ വരുത്തിയെന്ന് ആരോപിച്ചാണ് പൊളിക്കാൻ തീരുമാനിച്ചത്. എന്നാൽ കെട്ടിടം പൊളിക്കുന്നതിനെതിരെ കങ്കണ നൽകിയ ഹരജിയിൽ മുംബൈ ഹൈക്കോടതി സ്റ്റേ അനുവദിച്ചു. ഒരു ഭാഗം പൊളിച്ചു മാറ്റിയതിനു ശേഷമാണ് കോടതി ഉത്തരവ് വന്നത്. ഇതേത്തുടർന്ന് ബിഎംസി പൊളിക്കൽ നടപടികൾ നിർത്തിവച്ചു. കോർപറേഷന്റെ നടപടി രാമക്ഷേത്രം പൊളിച്ച ബാബറിന്റെ നടപടിക്ക് സമാനമാണെന്നായിരുന്നു കങ്കണയുടെ പ്രതികരണം.
അതേസമയം, ശിവസേനയുടെ പ്രതിഷേധം ആളിക്കത്തുന്നതിനിടെ കങ്കണ മുംബൈയിൽ തിരിച്ചെത്തി. ഹിമാചൽ പ്രദേശിലെ വീട്ടിൽനിന്നാണു കങ്കണ മുംബൈയിൽ എത്തിയത്. കങ്കണക്കെതിരെ പ്രതിഷേധവുമായി ശിവസേന പ്രവർത്തകർ മുംബൈ വിമാനത്താവളത്തിനു മുന്നിൽ തടിച്ചുകൂടിയിരുന്നു. ഇതോടെ പ്രദേശത്ത് സംഘർഷാവസ്ഥയായി. പ്രതിഷേധം നിലനിൽക്കുന്ന സാഹചര്യത്തിൽ കനത്ത സുരക്ഷയാണ് മുംബൈ വിമാനത്താളവത്തിലും നടിയുടെ ബംഗ്ലാവിനു സമീപവും ഏർപ്പെടുത്തിയത്.
Related News: ബോളിവുഡ് താരം കങ്കണ റണൗട്ടിന്റെ ബംഗ്ലാവ് പൊളിച്ചു







































