ബെംഗളൂരു: സോഷ്യൽ മീഡിയ പ്ളാറ്റ് ഫോമായ ഷെയർചാറ്റിലും കൂട്ടപ്പിരിച്ചു വിടൽ. 20 ശതമാനം ജീവനക്കാരെയാണ് കമ്പനി പിരിച്ചുവിടുക. അഞ്ഞൂറോളം ജീവനക്കാർക്ക് ജോലി നഷ്ടമാകും. ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന മൊഹല്ല ടെക് പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമസ്ഥതയിൽ ഉള്ള സ്ഥാപനമാണ് ഷെയർ ചാറ്റ്.
2200ലധികം ജീവനക്കാരാണ് നിലവിൽ കമ്പനിയിൽ പ്രവർത്തിക്കുന്നത്. ജീവനക്കാരുടെ എണ്ണം കുറയ്ക്കാനുള്ള തീരുമാനം എടുത്തത് വളരെ ആലോചനകൾക്ക് ശേഷമാണെന്നും കഴിഞ്ഞ ആറ് മാസമായി ചിലവുകൾ വെട്ടുകുറയ്ക്കുക ആണെന്നും കമ്പനി അറിയിച്ചു.
”ഒരു കമ്പനി എന്ന നിലയിൽ ഞങ്ങളുടെ ചരിത്രത്തിലെ ഏറ്റവും ബുദ്ധിമുട്ടുള്ളതും വേദനാജനകവുമായ ചില തീരുമാനങ്ങൾ ഞങ്ങൾ എടുക്കുകയാണ്. ഈ സ്റ്റാർട്ടപ്പ് യാത്രയിൽ ഞങ്ങളോടൊപ്പം ഉണ്ടായിരുന്ന അവിശ്വസനീയമാംവിധം കഴിവുള്ള ഞങ്ങളുടെ 20 ശതമാനം ജീവനക്കാരെ വെട്ടികുറയ്ക്കേണ്ടി വന്നു”-കമ്പനി വക്താവ് അറിയിച്ചു.
പരസ്യ വരുമാനവും ലൈവ് സ്ട്രീമിങ് വരുമാനവും ഇരട്ടിയാക്കി രണ്ടു വർഷത്തിനുള്ളിൽ കൂടുതൽ ശക്തരാവുക എന്നതാണ് ലക്ഷ്യമെന്നും കമ്പനി അറിയിച്ചു. നോട്ടീസ് കാലയളവിലെ ശമ്പളം, 2022 ഡിസംബർ വരെയുള്ള വേരിയബിൾ പേ, 2023 ജൂൺ വരെയുള്ള ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ, 45 ദിവസം വരെയുള്ള ലീവ് ബാലൻസ് എൻക്യാഷ് ചെയ്യും തുടങ്ങിയവ പിരിച്ചുവിടൽ പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അനുവദിച്ച ലാപ്ടോപ്പുകൾ ജീവനക്കാർക്ക് കൈവശം വെക്കാമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.
നേരത്തെ, സാങ്കേതികവിദ്യാ രംഗത്തെ മുൻനിര സ്ഥാപനങ്ങളിൽ ഒന്നായ ആമസോണും ജീവനക്കാരെ പിരിച്ചുവിടാനുള്ള തീരുമാനം എടുത്തിരുന്നു. 18,000 ജീവനക്കാരെ പിരിച്ചുവിടാനാണ് ആമസോൺ തീരുമാനിച്ചിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് കൂട്ടിപിരിച്ചുവിടലെന്ന് ആമസോൺ സിഇഒ ആൻഡി ജസി വ്യക്തമാക്കിയിരുന്നു. ആമസോൺ സ്റ്റോർ ജീവനക്കാരെയാണ് കൂട്ടപിരിച്ചുവിടൽ പ്രധാനമായും ബാധിക്കുക എന്നാണ് റിപ്പോർട്.
Most Read: ബിജെപി നിർവാഹക സമിതി യോഗത്തിന് ഇന്ന് ഡെൽഹിയിൽ തുടക്കം






































