ന്യൂഡെല്‍ഹി: കെ-റെയില്‍ പദ്ധതിക്കെതിരായി പ്രതിപക്ഷ എംപിമാർ റെയില്‍വെ മന്ത്രിക്ക് നല്കിയ നിവേദനത്തില്‍ ഒപ്പുവെക്കാതെ ശശി തരൂര്‍ എംപി. പദ്ധതി നടപ്പാക്കരുതെന്നും ഇതിൽ കേന്ദ്രസര്‍ക്കാര്‍ സഹകരിക്കരുതെന്നുമാണ് നിവേദനത്തിലെ ആവശ്യം. എന്നാൽ പദ്ധതിയെ സംബന്ധിച്ച് കൂടുതല്‍ പഠനം വേണമെന്ന നിലപാടിനെ തുടർന്നാണ് തരൂർ നിവേദനത്തില്‍ ഒപ്പിടാതിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
കെ-റെയില്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരേ പ്രത്യക്ഷ സമരത്തിന് പ്രതിപക്ഷം തയ്യാറെടുക്കവെയാണ് വിഷയത്തിൽ ശശി തരൂര്‍ വ്യത്യസ്ത നിലപാട് സ്വീകരിക്കുന്നത്. തരൂർ ഒഴികെ യുഡിഎഫിന്റെ മറ്റ് പതിനെട്ട് എംപിമാരും നിവേദനത്തില്‍ ഒപ്പുവച്ചു. റെയില്‍വെ മന്ത്രി അശ്വനി വൈഷ്ണവുമായി യുഡിഎഫ് എംപിമാര്‍ ഇന്ന് കൂടിക്കാഴ്ച നടത്തുകയും പദ്ധതിക്കെതിരെ കത്ത് കൈമാറുകയും ചെയ്തിരുന്നു.
കെ-റെയില്‍ പദ്ധതിക്കെതിരെ ഡിസംബര്‍ 18ന് സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കാനാണ് യുഡിഎഫ് തീരുമാനം. സെക്രട്ടേറിയറ്റിന് മുന്നിലും സില്‍വര്‍ ലൈന്‍ കടന്നുപോകുന്ന പത്ത് ജില്ലാ കളക്ടറേറ്റുകള്‍ക്ക് മുന്നിലും രാവിലെ 10 മുതല്‍ ഉച്ചക്ക് ഒരു മണി വരെ ജനകീയ മാര്‍ച്ചും ധർണയും സംഘടിപ്പിക്കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന് അറിയിച്ചു.
ജനകീയ മാര്‍ച്ചിന്റെ സംസ്ഥാനതല ഉൽഘാടനം എറണാകുളം കളക്ടറേറ്റിന് മുന്നിൽ പ്രതിപക്ഷ നേതാവ് വിഡി സതീശനും സെക്രട്ടേറിയറ്റിന് മുന്നിലെ ധര്‍ണ കെപിസിസി പ്രസിഡണ്ട് കെ സുധാകരന് എംപിയും നിർവഹിക്കും. കോട്ടയം കളക്ടറേറ്റിന് മുന്നില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കോഴിക്കോട് പികെ കുഞ്ഞാലിക്കുട്ടിയും ജനകീയ മാര്‍ച്ചിന്റെ ഉൽഘാടനം നിർവഹിക്കും.
Read also: പാർലമെന്റ് കേവലം കെട്ടിടം മാത്രമായി മാറി; രാഹുൽ ഗാന്ധി








































