ഡെൽഹി: റഷ്യ- യുക്രൈൻ വിഷയത്തിലെ ഇന്ത്യയുടെ നിലപാടിനെതിരെ ശശി തരൂർ എംപി. അന്താരാഷ്ട്ര തലത്തിൽ ചില തത്വങ്ങൾ ഉണ്ടെന്നും റഷ്യ ചെയ്യുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയ തരൂർ റഷ്യയോട് സംസാരിച്ച് യുദ്ധത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ ഇന്ത്യ ശ്രമിക്കണം എന്നും പറഞ്ഞു.
ഇന്ത്യ ഇപ്പോൾ സ്വീകരിക്കുന്ന മൗനം മോശമായി എന്നാണ് തന്റെ അഭിപ്രായം എന്നും ശശി തരൂർ പറഞ്ഞു. യുക്രൈയിനിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ വൈകിയെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം യുക്രൈയിനിൽ ഇന്ത്യൻ വിദ്യാർഥികൾ ഉള്ളപ്പോൾ യുക്രൈയിനോട് സൗഹൃദപരമായ സമീപനം വേണമെന്നും വ്യക്തമാക്കി.
അതേസമയം യുക്രൈനെതിരായ റഷ്യയുടെ സൈനിക നടപടി അവസാനിപ്പിക്കാൻ യുക്രൈൻ സ്ഥാനപതി ഇന്ത്യയുടെ ഇടപെടൽ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡണ്ട് വ്ളാദിമർ പുടിനുമായി ഇക്കാര്യം സംസാരിക്കണമെന്നാണ് യുക്രൈയിൻ സ്ഥാനാപതി ഇഗോർ പോളിഖയുടെ ആഭ്യർഥന. ഇന്ത്യയും റഷ്യയും തമ്മിൽ നല്ല ബന്ധത്തിലാണെന്നും പുടിനുമായി മോദി സംസാരിക്കണമെന്നും ഇഗോൾ പോളിഖ ആഭ്യർഥിച്ചു.
മോദിയെ പോലെ ശക്തനായ നേതാവിനെ പുടിൻ കേൾക്കും. ഇന്ത്യയുടെ ഭാഗത്ത് നിന്നും അനുകൂല നിലപാട് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും സ്ഥാനപതി പറഞ്ഞു. അതേസമയം വിഷയം ചർച്ചയിലൂടെ പരിഹരിക്കണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ഇന്ത്യ.
യുക്രൈയിനെതിരെ റഷ്യ സൈനിക നീക്കം തുടങ്ങിയത് മുതൽ നിഷ്പക്ഷ നിലപാടിലായിരുന്നു ഇന്ത്യ. യുദ്ധത്തിലേക്ക് നീങ്ങാതെ വിഷയം ചർച്ചകളിലൂടെ പരിഹരിക്കണമെന്ന് ഇന്ത്യ ഐക്യരാഷ്ട്ര രക്ഷാസമിതിയിലും ആവശ്യപ്പെട്ടിരുന്നു.
Most Read: എൻഡോസൾഫാൻ ഇരകൾക്ക് നഷ്ടപരിഹാരമില്ല; ചീഫ് സെക്രട്ടറിക്ക് നോട്ടീസ്








































