ഷാർജ: ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ നിര്യാണത്തിൽ യാബ് ലീഗൽ സർവീസ് അനുശോചനവും പ്രാർഥനാ സദസും സംഘടിപ്പിച്ചു.
ശൈഖ് ഖലീഫ ലോകത്തിന് മാതൃകയായ ഭരണാധികാരിയാണെന്നും ലോകത്തെ എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള പ്രവാസികൾക്ക് യുഎഇയിൽ ജീവിക്കാനും അധ്വാനിക്കാനുമുള്ള സ്വാതന്ത്ര്യം നൽകിയ അദ്ദേഹത്തിന്റെ വിയോഗം യുഎഇക്ക് മാത്രമല്ല ലോക ജനതയ്‌ക്ക് തന്നെ വലിയ നഷ്‌ടമാണെന്നും യാബ് ലീഗൽ സർവീസ് സിഇഒ സലാം പാപ്പിനിശ്ശേരി അനുസ്‌മരിച്ചു.
മെയ് 13ന് 74ആം വയസിലായിരുന്നു ഇദ്ദേഹത്തിന്റെ വിയോഗം. 2016ൽ പക്ഷാഘാതത്തെ തുടർന്ന് പൊതു വേദികളിൽ ശൈഖ് ഖലീഫ സജീവമായിരുന്നില്ല. ശൈഖ് ഖലീഫ ബിൻ സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ യുഎഇ പ്രസിഡണ്ടും, അബുദാബിയുടെ അമീറും, യുണൈറ്റഡ് ഡിഫൻസ് ഫോർസിന്റെ പരമോന്നത സൈന്യാധിപനുമായിരുന്നു. ശൈഖ് ഖലീഫ എന്നാണ് ഇദ്ദേഹം അറിയപ്പെട്ടിരുന്നത്.

യുഎഇ സ്‌ഥാപിതമായ 1971 മുതല്‍ 2004 നവംബര്‍ 2ന് അന്തരിക്കുന്നത് വരെ യുഎഇയുടെ ആദ്യ പ്രസിഡണ്ടായി സേവനമനുഷ്‌ഠിച്ച പിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്റെ വിയോഗത്തെ തുടർന്ന്, പിൻഗാമിയായാണ് ശൈഖ് ഖലീഫ 2004 നവംബറിൽ 2ന് അബുദാബിയുടെ ഭരണാധികാരിയായി ചുമതലയേറ്റത്. അടുത്ത ദിവസം യുഎഇ പ്രസിഡണ്ടായും നിയമിതനായി.
കിരീടാവകാശി എന്ന നിലയിൽ 1990കളുടെ അവസാന പാദം മുതൽതന്നെ പിതാവിന്റെ അനാരോഗ്യം കാരണം ഇദ്ദേഹം യുഎഇ പ്രസിഡണ്ടിന്റെ ചുമതലകളിൽ സഹായിയായിരുന്നു. ശെെഖ് ഖലീഫയുടെ വിയോഗത്തെ തുടർന്ന് യുഎഇയിൽ 40 ദിവസത്തെ ഔദ്യോഗിക ദുഖാചരണം നടക്കുകയാണ്. ഈ ദിവസങ്ങളിൽ യുഎഇ ദേശീയ പതാക താഴ്‌ത്തിക്കെട്ടും. ദുഖാചരണം 2022 ജൂൺ 22നാണ് അവസാനിക്കുക.
അനുസ്‌മരണ ചടങ്ങിൽ അഡ്വ. മുഹമ്മദ് അബ്‌ദുൽ റഹ്‌മാൻ അല്‍ സുവൈദി, മുഹമ്മദ് മുറാദ് അല്‍ ബലൂഷി, ലീഗൽ അഡ്വൈസർ മേദദ്, ലീഗൽ അഡ്വൈസർ റഷാദ്, അഡ്വ. ആദിൽ ഹംസ, അഡ്വ. യാസർ അസീസ്, അഡ്വ. നവാസ്, അഡ്വ. നൈഫ് ഉസ്‌താദ് അതീഖ് അസ്ഹരി കല്ലട്ര, അഡ്വ. യാസിർ സഖാഫി, അഡ്വ. ഷൗക്കത്തലി സഖാഫി, അഡ്വ. സുഹൈൽ സഖാഫി, അഡ്വ. ഹുസൈൻ സഖാഫി, ഷെഹ്‌സാദ് ഐനി, യാബ് ലീഗൽ ഗ്രൂപ്പിന്റെ മറ്റു സ്‌റ്റാഫംഗങ്ങൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
Most Read: കല്ലാംകുഴി ഇരട്ടക്കൊല; ലീഗ് നേതൃത്വം നിലപാട് വ്യക്‌തമാക്കണം -കേരള മുസ്‌ലിം ജമാഅത്ത്








































