തിരുവനന്തപുരം: ബിജെപി സ്‌ഥാനാർഥി പട്ടികയിൽ മാറ്റം വരുത്തി കേന്ദ്ര നേതൃത്വം. ബിജെപി സംസ്‌ഥാന ഉപാധ്യക്ഷ ശോഭാ സുരേന്ദ്രൻ മൽസരിക്കണം എന്നാണ് കേന്ദ്ര നേതാക്കളുടെ തീരുമാനം. നേമത്ത് കുമ്മനം രാജശേഖരന് തന്നെയാണ് പ്രഥമ പരിഗണന. എങ്കിലും, മൽസരം കനക്കുകയാണെങ്കിൽ സുരേഷ് ഗോപിയെ കളത്തിൽ ഇറക്കിയേക്കും. കേന്ദ്ര മന്ത്രി വി മുരളീധരൻ സ്‌ഥാനാർഥിയാകില്ല.
ഇന്നലെ രാത്രി നടന്ന ചർച്ചയിൽ രണ്ട് കർശന നിർദ്ദേശങ്ങളാണ് സംസ്‌ഥാന നേതാക്കൾക്ക് ബിജെപി കേന്ദ്ര നേതൃത്വം നൽകിയത്.ഒന്ന്, ഒൻപത് എ ക്‌ളാസ് മണ്ഡലങ്ങളുടെ കാര്യത്തിൽ വിട്ടുവീഴ്‌ച പാടില്ല. രണ്ട്, മറ്റ് പ്രധാന മണ്ഡലങ്ങളിൽ ശക്‌തമായ പോരാട്ടം കാഴ്‌ചവെക്കണം.
115 മണ്ഡലങ്ങളിലാണ് ബിജെപി മൽസരിക്കുക. പാർട്ടിയുടെ പ്രമുഖ നേതാവെന്ന നിലയിൽ ശോഭാ സുരേന്ദ്രൻ മൽസര രംഗത്തുണ്ടാകണം എന്ന താൽപര്യമാണ് കേന്ദ്ര നേതാക്കൾ പ്രകടിപ്പിച്ചത്. സംസ്‌ഥാന നേതൃത്വത്തിന്റെ സാധ്യതാ പട്ടികയിൽ ശോഭാ സുരേന്ദ്രനെ ഉൾപ്പെടുത്തിയിരുന്നില്ല. കഴക്കൂട്ടത്ത് മൽസരിക്കാനാണ് ശോഭക്ക് താൽപര്യം. ചാത്തന്നൂരിലും ശോഭാ സുരേന്ദ്രന്റെ പേര് പരിഗണനയിലുണ്ട്.
സന്ദീപ് വാര്യരെ തൃത്താലയിൽ മൽസരിപ്പിക്കാനും നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. ആർ ബാലശങ്കർ ചെങ്ങന്നൂരിൽ സ്‌ഥാനാർഥി ആകുന്നത് സംബന്ധിച്ചും ചർച്ചകൾ നടക്കുകയാണ്. സികെ ജാനു പട്ടികയിൽ ഉണ്ടാകുമോയെന്ന് കേന്ദ്ര നേതൃത്വം തീരുമാനിക്കും. അന്തിമ പട്ടികക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി രൂപം നൽകും. ഇന്ന് വൈകിട്ടാണ് സമിതിയുടെ യോഗം നടക്കുക.
Also Read: ഹരിപ്പാട് അമ്മയെ പോലെ, നേമത്ത് മൽസരിക്കാൻ ഇല്ല; രമേശ് ചെന്നിത്തല