കൊച്ചി: ലൈംഗികാരോപണത്തിൽ പെട്ടതിന് പിന്നാലെ ജനറൽ സെക്രട്ടറി ആയിരുന്ന സിദ്ദിഖിന് സ്‌ഥാനം ഒഴിയേണ്ടിവന്നതോടെ അമ്മ സംഘടന കടുത്ത പ്രതിസന്ധിയിൽ. വെള്ളിയാഴ്‌ച സംഘടനാ ആസ്‌ഥാനത്ത് വാർത്താ സമ്മേളനം നടത്തി ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നിലപാട് വ്യക്‌തമാക്കിയ സിദ്ദിഖിന് തന്നെ അരങ്ങൊഴിയേണ്ടി വന്നതാണ് സംഘടനക്ക് ക്ഷീണമായത്.
എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം അൻസിബ ഹസൻ, ഉർവശി, ശ്വേതാ മേനോൻ തുടങ്ങിയവരെല്ലാം തുറന്ന വിമർശനവുമായി രംഗത്തുവന്നതോടെ അമ്മ മുൻപെങ്ങുമില്ലാത്ത പ്രതിസന്ധിയാണ് നേരിട്ടത്. അതിനിടെ, അമ്മ സംഘടനയുടെ 17 അംഗ എക്‌സിക്യൂട്ടീവ് നാളെ കൊച്ചിയിൽ യോഗം ചേരുന്നുണ്ട്. ജനറൽ ബോഡി വിളിച്ചു ചേർക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.
ജനറൽ സെക്രട്ടറിയുടെ ചുമതല താൽക്കാലികമായി ജോയിന്റ് സെക്രട്ടറിയായ ബാബുരാജിന് നൽകി. വാശിയേറിയ തിരഞ്ഞെടുപ്പിൽ വിജയിച്ച സിദ്ദിഖിന് രണ്ടുമാസം പോലും തികയും മുമ്പാണ് സ്‌ഥാനം ഒഴിയേണ്ടിവന്നത്. ശനിയാഴ്‌ച തന്നെ കൊച്ചിയിലെ പ്രമുഖ ക്രിമിനൽ അഭിഭാഷകനുമായി രാജിക്കാര്യത്തിൽ സിദ്ദിഖ് അഭിപ്രായം തേടിയിരുന്നു. നിലവിൽ സിദ്ദിഖ് ഊട്ടിയിൽ ഷൂട്ടിലാണ്.
നടൻ സിദ്ദിഖിൽ നിന്ന് വർഷങ്ങൾക്ക് മുൻപ് ലൈംഗികാതിക്രമം നേരിട്ടെന്ന് വെളിപ്പെടുത്തി യുവനടി രേവതി സമ്പത്ത് ആണ് ഇന്നലെ രംഗത്തെത്തിയത്. പല സുഹൃത്തുക്കളിൽ നിന്നും സിദ്ദിഖിൽ നിന്നും ഇതേ അനുഭവം ഉണ്ടായിട്ടുണ്ടെന്നും നടി വെളിപ്പെടുത്തിയിരുന്നു.
‘പ്ളസ് ടു കഴിഞ്ഞ സമയത്ത് സാമൂഹികമാദ്ധ്യമം വഴി സിദ്ദിഖ് ബന്ധപ്പെട്ടിരുന്നു. പിന്നീട് ‘സുഖമായിരിക്കട്ടെ’ എന്ന സിനിമയുടെ പ്രിവ്യൂ ഷോ കഴിഞ്ഞു മസ്‌കറ്റ് ഹോട്ടലിൽ ചർച്ചക്ക് വിളിച്ചു. അന്ന് എനിക്ക് 21 വയസാണ്. അവിടെ ചെന്നപ്പോഴാണ് ലൈംഗികമായി ഉപദ്രവിച്ചത്. അയാളെന്നെ പൂട്ടിയിട്ടു. അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു’- നടി പറഞ്ഞു.
2019ൽ തന്നെ ഇക്കാര്യം തുറന്നു പറഞ്ഞിട്ടുണ്ടെന്നും സിനിമയിൽ നിന്ന് മാറ്റിനിർത്തിയതിനാൽ ഇപ്പോൾ ഒന്നും നഷ്‌ടപ്പെടാൻ ഇല്ലാത്തതുകൊണ്ടാണ് സധൈര്യം തുറന്നുപറയുന്നതെന്നും നടി വ്യക്‌തമാക്കിയിരുന്നു.
Most Read| ഏറ്റവും ഉയരം കുറവ്; ലോക റെക്കോർഡ് നേടി ബ്രസീലിയൻ ദമ്പതികൾ