ന്യൂഡെൽഹി: സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വിയോഗത്തെ തുടർന്ന് സംസ്‌ഥാനത്ത് മൂന്ന് ദിവസം ദുഃഖാചരണം. എകെജി സെന്ററിൽ പാർട്ടി പതാക താഴ്‌ത്തികെട്ടി. സംസ്‌ഥാനമാകെ നടത്താനിരുന്ന പൊതു പാർട്ടി പരിപാടികളെല്ലാം മാറ്റിവെച്ചതായും സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ അറിയിച്ചു.
യെച്ചൂരിയുടെ മൃതദേഹം ഇന്ന് എയിംസിൽ സൂക്ഷിക്കും. നാളെ വൈകുന്നേരം വസന്തകുഞ്ചിലെ താമസ സ്‌ഥലത്തേക്ക് കൊണ്ടുപോകും. നാളെ രാത്രി മുഴുവൻ താമസിച്ചിരുന്ന ഫ്‌ളാറ്റിൽ പൊതുദർശനമുണ്ടാകും. 14ന് രാവിലെ 11 മണിമുതൽ എകെജി ഭവനിൽ മൃതദേഹം പൊതുദർശനത്തിന് വെക്കും. വൈകിട്ട് മൂന്നുമണിക്ക് പാർട്ടിയുടെ നേതൃത്വത്തിൽ നടക്കുന്ന അന്തിമോപചാര ചടങ്ങുകൾക്ക് ശേഷം ഭൗതിക ശരീരം മെഡിക്കൽ വിദ്യാർഥികളുടെ പഠനത്തിനായി എയിംസിന് വിട്ടുനൽകും.
യെച്ചൂരിയെ അവസാനമായി കാണാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഡെൽഹിയിലേക്ക് തിരിക്കും. 32 വർഷമായി സിപിഎം പൊളിറ്റ് ബ്യൂറോ അംഗമായി പ്രവർത്തിച്ചിരുന്ന യെച്ചൂരി 2015ലാണ് ജനറൽ സെക്രട്ടറി പദവിലേക്കെത്തിയത്. 2005 മുതൽ 2017 വരെ ബംഗാളിൽ നിന്നുള്ള രാജ്യസഭാ അംഗമായിരുന്നു. 1984ൽ എസ്എഫ്ഐയുടെ ദേശീയ പ്രസിഡണ്ടായ യെച്ചൂരി അതേ വർഷം സിപിഎം കേന്ദ്ര കമ്മിറ്റിയിൽ പ്രകാശ് കാരാട്ടിനൊപ്പം സ്‌ഥിരം ക്ഷണിതാവുമായി.
തൊട്ടടുത്ത വർഷം കാരാട്ടിനും എസ് രാമചന്ദ്രൻ പിള്ളയ്‌ക്കുമൊപ്പം കേന്ദ്ര കമ്മിറ്റി അംഗമായി. 1992ലാണ് മൂവരും പൊളിറ്റ് ബ്യൂറോയിൽ എത്തുന്നത്. 1996ൽ യെച്ചൂരിയും പി ചിദംബരവും എസ് ജയ്‌പാൽ റെഡ്‌ഡിയും ചേർന്നിരുന്ന് ഐക്യമുന്നണി സർക്കാരിന്റെ പൊതു മിനിമം പരിപാടിയുണ്ടാക്കി. 2004ൽ യുപിഎ സർക്കാരിന്റെ പൊതു മിനിമം പരിപാടിയുണ്ടാക്കാൻ യെച്ചൂരിയും ജയ്‌റാം രമേശും ഒത്തുകൂടിയിരുന്നു.
യെച്ചൂരിയുടെ വിയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു. ഇടതുപക്ഷത്തിന്റെ വെളിച്ചമായിരുന്നു യെച്ചൂരിയെന്ന് പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു. മികച്ച പാർലമെന്റേറിയനായി കഴിവ് തെളിയിച്ച വ്യക്‌തി കൂടിയായിരുന്നു യെച്ചൂരിയെന്നും അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
Most Read| ട്രേഡ് യൂണിയൻ രൂപീകരിക്കാൻ ഫെഫ്‌കയെ സമീപിച്ച് അംഗങ്ങൾ; ‘അമ്മ’ പിളർപ്പിലേക്ക്?