ന്യൂഡെൽഹി: സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു. 72 വയസായിരുന്നു. ശ്വാസകോശ അണുബാധയെ തുടർന്ന് ഡെൽഹി എയിംസിൽ ചികിൽസയിലിരിക്കെയാണ് അന്ത്യം. മൂന്നരയോടെയാണ് മരണം സ്‌ഥിരീകരിച്ചത്. ജെഎൻയു പഠന കാലമാണ് യെച്ചൂരിയിലെ രാഷ്‌ട്രീയക്കാരനെ പാകപ്പെടുത്തിയത്. പടിപടിയായി ഉയർന്ന് രാജ്യം ശ്രദ്ധിക്കുന്ന ശബ്‌ദമായും മികച്ച പാർലമെന്റേറിയനായും പേരെടുത്തു.
32 വർഷമായി സിപിഎം പൊളിറ്റ് ബ്യൂറോ അംഗമായി പ്രവർത്തിച്ചിരുന്ന യെച്ചൂരി 2015ലാണ് ജനറൽ സെക്രട്ടറി പദവിലേക്കെത്തിയത്. 2005 മുതൽ 2017 വരെ ബംഗാളിൽ നിന്നുള്ള രാജ്യസഭാ അംഗമായിരുന്നു. വൈദേഹി ബ്രാഹ്‌മണരായ സർവേശ്വര സോമയാജലു യെച്ചൂരിയുടെയും കൽപ്പകത്തിന്റെയും മകനായി 1952 ഓഗസ്‌റ്റ് 12ന് ചെന്നൈയിലാണ് യെച്ചൂരി സീതാരാമ റാവു ജനിച്ചത്.
പേരിന്റെ അറ്റത്ത് നിന്ന് ജാതി മുറിച്ചുമാറ്റാമെന്ന് തീരുമാനിച്ച് സീതാറാം യെച്ചൂരി ആയത് സുന്ദര രാമ റെഡ്‌ഡിയിൽ നിന്ന് പി സുന്ദരയ്യയായി മാറിയ സിപിഎമ്മിന്റെ ആദ്യ ജനറൽ സെക്രട്ടറിയെ മാതൃകയാക്കിയാണ്. സുന്ദരയ്യക്ക് ശേഷം ആന്ധ്രയിൽ നിന്ന് സിപിഎം ജനറൽ സെക്രട്ടറിയായ നേതാവാണ് യെച്ചൂരി.
ഹൈദരാബാദിലെ സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ആന്ധ്ര റോഡ് ട്രാൻസ്‌പോർട്ട് കോർപറേഷനിൽ എൻജിനിയർ ആയിരുന്ന അച്ഛന്റെ സ്‌ഥലം മാറ്റങ്ങൾക്കൊപ്പം യെച്ചൂരിയുടെ സ്‌കൂളുകളും മാറി. വിജയവാഡ റെയിൽവേ സ്‌കൂളിലും ഹൈദരാബാദിലെ ഓൾ സെയിന്റ്സ് സ്‌കൂളിലും പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി.
ഹൈദരാബാദിലെ തന്നെ നൈസാം കോളേജിൽ ഒന്നാംവർഷ പിയുസിക്ക് പഠിക്കുന്ന സമയത്താണ് തെലങ്കാന പ്രക്ഷോഭം സജീവമാകുന്നത്. 1967-68ൽ ഒരുവർഷത്തെ പഠനം പ്രക്ഷോഭത്തിൽ മുങ്ങി. പിന്നാലെ അച്ഛന് ഡൽഹിയിലേക്ക് സ്‌ഥലംമാറ്റം. അവിടെ പ്രസിഡന്റ്‌സ് എസ്‌റ്റേറ്റ് സ്‌കൂളിൽ ഒരുവർഷത്തെ ഹയർസെക്കണ്ടറി കോഴ്‌സിൽ ശാസ്‌ത്ര വിഷയങ്ങൾ പഠിച്ചു. ഒപ്പം കണക്കും.
സെന്റ് സ്‌റ്റീഫൻസിൽ നിന്ന് ബിഎ ഇക്കണോമിക്‌സിൽ ഒന്നാം ക്‌ളാസുമായി ജെഎൻയുവിൽ എംഎയ്‌ക്ക് ചേർന്നു. മൂന്നുതവണ ജെഎൻയു യൂണിയന്റെ അധ്യക്ഷനായിരുന്നു. അടിയന്തരാവസ്‌ഥയിൽ ജെഎൻയു തിളച്ചു മറിയുന്ന കാലത്താണ് മേനക ആനന്ദിനെ (പിന്നീട് മേനക ഗാന്ധി) ജെഎൻയുവിലെ സ്‌കൂൾ ഓഫ് ലാംഗ്വേജിൽ തടഞ്ഞെന്ന പേരിൽ യെച്ചൂരി ഉൾപ്പടെ പലരെയും പോലീസ് പിടികൂടുന്നത്.
1984ൽ എസ്എഫ്ഐയുടെ ദേശീയ പ്രസിഡണ്ടായ യെച്ചൂരി അതേ വർഷം സിപിഎം കേന്ദ്ര കമ്മിറ്റിയിൽ പ്രകാശ് കാരാട്ടിനൊപ്പം സ്‌ഥിരം ക്ഷണിതാവുമായി. തൊട്ടടുത്ത വർഷം കാരാട്ടിനും എസ് രാമചന്ദ്രൻ പിള്ളയ്‌ക്കുമൊപ്പം കേന്ദ്ര കമ്മിറ്റി അംഗമായി. 1992ലാണ് മൂവരും പൊളിറ്റ് ബ്യൂറോയിൽ എത്തുന്നത്. 1996ൽ യെച്ചൂരിയും പി ചിദംബരവും എസ് ജയ്‌പാൽ റെഡ്‌ഡിയും ചേർന്നിരുന്ന് ഐക്യമുന്നണി സർക്കാരിന്റെ പൊതു മിനിമം പരിപാടിയുണ്ടാക്കി.
2004ൽ യുപിഎ സർക്കാരിന്റെ പൊതു മിനിമം പരിപാടിയുണ്ടാക്കാൻ യെച്ചൂരിയും ജയ്‌റാം രമേശും ഒത്തുകൂടിയിരുന്നു. സീമ ചിസ്‌തിയാണ് ഭാര്യ. മക്കൾ: പരേതനായ ആശിഷ് യെച്ചൂരി, അഖില യെച്ചൂരി. മൃതദേഹം ഇന്ന് എയിംസിൽ സൂക്ഷിക്കും. 14ന് വൈകിട്ട് മൂന്നുമണിക്ക് പാർട്ടിയുടെ നേതൃത്വത്തിൽ നടക്കുന്ന അന്തിമോപചാര ചടങ്ങുകൾക്ക് ശേഷം ഭൗതിക ശരീരം മെഡിക്കൽ വിദ്യാർഥികളുടെ പഠനത്തിനായി വിട്ടുനൽകും.
Most Read| വിശ്രമജീവിതം നീന്തിത്തുടിച്ച്, 74ആം വയസിൽ രാജ്യാന്തര നേട്ടവുമായി മലയാളി