കോഴിക്കോട്: ടൗട്ടെ ചുഴലിക്കാറ്റിനെ തുടർന്ന് ദുരിതക്കയത്തിലായി ശാന്തിനഗർ കോളനി വാസികൾ. ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കടലാക്രമണത്തിൽ കോളനിയിലെ ആറ് കുടുംബങ്ങൾക്ക് വീട് നഷ്‌ടമായി. നിലവിൽ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന ഇവർ ഇനി എങ്ങോട്ട് പോകുമെന്ന ആശങ്കയിലാണ്.
വെസ്‌റ്റ് ഹിൽ ചുങ്കത്തെ ഗവ. യുപി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലാണ് ഇവർ കഴിയുന്നത്. കമ്യൂണിറ്റി കിച്ചൺ മുഖേനയാണ് ഇവർക്ക് ഭക്ഷണം ലഭിക്കുന്നത്.
കടൽക്ഷോഭം തീർന്നതോടെ സ്വന്തം താമസ സ്‌ഥലങ്ങളിലേക്ക് പോകാൻ കളക്‌ടർ ഇവരോട് നിർദ്ദേശിച്ചിരുന്നു എങ്കിലും കടൽ തച്ചുതകർത്ത കിടപ്പാടങ്ങളിലേക്ക് എങ്ങനെ മടങ്ങുമെന്നാണ് ഇവർ ചോദിക്കുന്നത്. ഈ സാഹചര്യത്തിൽ സർക്കാർ ധനസഹായം നൽകണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. പ്രദേശത്ത് മുൻകാലങ്ങളിൽ കടൽക്ഷോഭം അനുഭവപ്പെടാറില്ലെന്നും ഇവർ പറയുന്നു.
Malabar News: രേഖകളില്ലാതെ പുറത്തിറങ്ങിയാൽ കോവിഡ് ടെസ്‌റ്റ്; മലപ്പുറത്ത് കർശന നടപടി