തിരുവനന്തപുരം: കോവിഡ് ചികിത്സയില്‍ കഴിഞ്ഞിരുന്ന ആറുമാസം പ്രായമുളള കുഞ്ഞിനെ എലി കടിച്ചു. പരാതി പറഞ്ഞതിനു പിന്നാലെ അമ്മയേയും കുഞ്ഞിനേയും രോഗമുക്തിക്ക് മുന്‍പേ ഡിസ്ചാര്‍ജ് ചെയ്തു.
ശ്രീ അവിട്ടം തിരുനാള്‍ (എസ്.എ.ടി.) ആശുപത്രിയിലാണ് സംഭവം. എലി കടിച്ചതായി പരാതിപ്പെട്ടതിനു പിന്നാലെ അമ്മയേയും കുഞ്ഞിനേയും ഡിസ്ചാര്‍ജും ചെയ്തു. ലക്ഷണങ്ങള്‍ ഇല്ലാത്തവരെ ഡിസ്ചാര്‍ജ് ചെയ്യുന്നത് സാധാരണമാണെന്ന് ആശുപത്രി സൂപ്രണ്ട് പറഞ്ഞു. ആശുപത്രിയില്‍ എലി ശല്യം രൂക്ഷമാണെന്ന് സൂപ്രണ്ടും സമ്മതിച്ചു. സംഭവത്തെ തുടര്‍ന്ന് എലി നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായി ആശുപത്രി സൂപ്രണ്ട് പറയുന്നു.
Read Also: കോവിഡ് രോഗമുക്തന് വീട്ടിലെത്തിയത് അവശനായി പുഴുവരിച്ച നിലയില്‍; ആരോഗ്യമന്ത്രിക്ക് ബന്ധുക്കളുടെ പരാതി
ഇന്നലെ പുലര്‍ച്ചെയാണ് കോവിഡ് ബാധിച്ച് എസ്.എ.ടിയില്‍ ചികിത്സയിലായിരുന്ന വെളളനാട് സ്വദേശി സജേഷിന്റെ മകളുടെ കാലില്‍ എലി കടിച്ചത്. ഉറക്കത്തിലായിരുന്ന കുഞ്ഞ് ഉണര്‍ന്ന് കരഞ്ഞപ്പോഴാണ് എലി കടിച്ചത് അമ്മയുടെ ശ്രദ്ധയില്‍പെടുന്നത്. ചികിത്സ ലഭിക്കാന്‍ എട്ടുമണിവരെ കാത്തിരിക്കേണ്ടി വന്നെന്നും മാതാപിതാക്കള്‍ പറയുന്നു. ബുധനാഴ്ചയാണ് സജേഷിനും ഭാര്യക്കും കുഞ്ഞിനും കോവിഡ് പോസിറ്റീവാകുന്നത്. തുടര്‍ന്ന് അമ്മയേയും കുഞ്ഞിനേയും എസ്.എ.ടിയിലേക്ക് മാറ്റുകയായിരുന്നു. ആശുപത്രിയില്‍ എലി ശല്യം രൂക്ഷമായിരുന്നതായും പിതാവ് പറയുന്നു.