തിരുവനന്തപുരം: സംസ്‌ഥാനത്ത് ആശുപത്രികളില്‍ നിലവില്‍ ഐസിയു, വെന്റിലേറ്റര്‍ പ്രതിസന്ധിയില്ലെന്ന് വ്യക്‌തമാക്കി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഒരു ജില്ലയിലും തീവ്രപരിചണ ചികിൽസയ്‌ക്ക് ഇപ്പോള്‍ ബുദ്ധിമുട്ട് നേരിടുന്നില്ലെന്നും ആശങ്ക പരത്തുന്ന നിലയിലുള്ള പ്രചാരണങ്ങളാണ് നടക്കുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് പുറമേ എംപാനല്‍ ചെയ്‌ത 281 സ്വകാര്യ ആശുപത്രികളിലും കോവിഡ് ചികിൽസ എപിഎല്‍, ബിപിഎല്‍ വ്യത്യാസമില്ലാതെ സൗജന്യമാണ്. സര്‍ക്കാര്‍ ആശുപത്രികളില്‍ ഐസിയു സൗകര്യമോ വെന്റിലേറ്റര്‍ സൗകര്യമോ ലഭ്യമല്ലെങ്കില്‍ ഇത്തരം ആശുപത്രികളിലേക്ക് മാറ്റി ചികിൽസിപ്പിക്കാനുള്ള സംവിധാനവുമുണ്ട്. അതിനാല്‍ തന്നെ ആശങ്കപ്പെടേണ്ട കാര്യമില്ല; മന്ത്രി വ്യക്‌തമാക്കി.
സര്‍ക്കാര്‍ ആശുപത്രികളില്‍ ആകെ 3048 ഐസിയു കിടക്കകളാണ് ഉള്ളത്. ഇവയിൽ 1020 കോവിഡ് രോഗികളും 740 നോണ്‍ കോവിഡ് രോഗികളുമാണുള്ളത്. 1288 ഐസിയു കിടക്കകള്‍ (43 ശതമാനം) ബാക്കിയുണ്ട്. കൂടാതെ 2293 വെന്റിലേറ്ററുകളുണ്ട്. ഇവയിൽ 444 കോവിഡ് രോഗികളും 148 നോണ്‍ കോവിഡ് രോഗികളുമുണ്ട്. 1701 വെന്റിലേറ്ററുകളുടെ (75 ശതമാനം) ഒഴിവാണ് നിലവിലുള്ളത്.
281 എംപാനല്‍ഡ് ആശുപത്രികളിലായി 20,724 കിടക്കകള്‍ കോവിഡ് ചികിൽസക്കായി മാത്രം സജ്‌ജമാണ്. ഈ ആശുപത്രികളില്‍ 2082 ഐസിയുകളും 1081 വെന്റിലേറ്ററുകളും ഉണ്ട്. സ്വകാര്യ ആശുപത്രികളില്‍ കോവിഡ് ചികിൽസക്കായി 798 പേര്‍ ഐസിയുവിലും 313 പേര്‍ വെന്റിലേറ്ററിലുമുണ്ട്. കോവിഡ് രോഗികളുടെ എണ്ണം കൂടിയാല്‍ സ്വകാര്യ ആശുപത്രികളിലെ കിടക്കകളുടെയും ഐസിയുകളുടേയും എണ്ണം വര്‍ധിപ്പിക്കാന്‍ സാധിക്കുമെന്നും അതിനാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
Most Read: ‘ശക്‌തമായ നടപടിയുണ്ടാകും’; ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് എതിരായ അതിക്രമങ്ങളിൽ മുഖ്യമന്ത്രി