തിരുവനന്തപുരം: ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് എതിരായ അതിക്രമങ്ങളിൽ ശക്‌തമായ നടപടിയുണ്ടാകുമെന്ന് വ്യക്‌തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. ആശുപത്രികളിലെ സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ ശക്‌തിപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആരോഗ്യ സ്‌ഥാപനങ്ങളിലും ആശുപത്രികളിലും സിസിടിവികൾ സ്‌ഥാപിക്കും. സിസിടിവി ദൃശ്യങ്ങൾ പോലീസ് എയ്ഡ് പോസ്‍റ്റിലേക്ക് കണക്റ്റ് ചെയ്യും; മുഖ്യമന്ത്രി അറിയിച്ചു. ആശുപത്രി മാനേജുമെന്റുകൾ കൂടുതൽ കാര്യക്ഷമമാകണം എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം മലപ്പുറം കൊണ്ടോട്ടി ചിറയിൽ പിഎച്ച്സിയിലെ ആരോഗ്യ പ്രവർത്തകരെ വാക്‌സിൻ എടുക്കാൻ എത്തിയവർ മർദിച്ചതായി പരാതി ഉയർന്നിട്ടുണ്ട്. വാക്‌സിൻ എടുക്കാൻ എത്തിയവർ വനിതാ ജീവനക്കാരി ഉൾപ്പടെയുള്ള 3 പേരെ മർദിച്ചെന്നാണ് പരാതി.
രാജേഷ്, കെസി ശബരി ഗിരീഷ്, രമണി എന്നിവർക്കാണ് മർദനമേറ്റത്. ഇവരെ കൊണ്ടോട്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സാങ്കേതിക കാരണങ്ങളാൽ വാക്‌സിൻ വൈകുമെന്ന് അറിയിച്ചതിനെ തുടർന്നാണ് മർദിച്ചതെന്ന് പരാതിയിൽ പറയുന്നു. വാക്‌സിന്‍ എടുക്കാന്‍ എത്തിയ ആള്‍ അസഭ്യം പറഞ്ഞതായും ആരോഗ്യ പ്രവർത്തകർ പറയുന്നു.
Most Read: പാർടി ഫോറത്തിൽ വിശ്വസിക്കുന്നവർ തീരുമാനം അംഗീകരിക്കണം; ‘ഹരിത’ വിവാദത്തിൽ പികെ ഫിറോസ്