മലപ്പുറം: പാർടി ഫോറത്തിൽ വിശ്വസിക്കുന്നവർ മുസ്‌ലിം ലീഗ് എടുത്ത ഈ തീരുമാനം അംഗീകരിക്കണമെന്ന് യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ്. എംഎസ്എഫ് നേതാക്കളുടെ സ്‌ത്രീവിരുദ്ധ പ്രസ്‌താവനയും അതിനെതിരെ ‘ഹരിത’ നേതാക്കൾ നൽകിയ പരാതിയും അടഞ്ഞ അധ്യായമാണ്. ഹരിത വിവാദത്തിൽ എംഎസ്എഫ്. നേതാക്കൾക്കെതിരെ നടപടി ഉണ്ടാകില്ലെന്ന് ലീഗ് നേതൃത്വം വ്യക്‌തമാക്കിയതിന് പിന്നാലെയാണ് പികെ ഫിറോസിന്റെ പ്രതികരണം.
ഹരിത നേതാക്കൾക്ക് എതിരായ സ്‌ത്രീവിരുദ്ധ പരാമർശം നടത്തിയ എംഎസ്എഫ് സംസ്‌ഥാന പ്രസിഡണ്ട് പികെ നവാസ്, മലപ്പുറം ജില്ലാ പ്രസിഡണ്ട് കബീര്‍ മുതുപറമ്പ്, ജനറല്‍ സെക്രട്ടറി വിഎ വഹാബ് എന്നിവര്‍ ഖേദപ്രകടനം നടത്തിയിരുന്നു. ‘ഹരിത’ നേതാക്കള്‍ക്ക് എതിരെയുള്ള പരാമര്‍ശം ദുരുദ്ദേശത്തോടെയല്ലെന്നും ‘എങ്കിലും’ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുകയാണെന്നും ആയിരുന്നു എംഎസ്എഫ് നേതാക്കൾ പറഞ്ഞത്. മുസ്‌ലിം ലീഗ് പുറത്തിറക്കിയ പ്രസ്‌താവനയിലാണ് എംഎസ്എഫ് നേതാക്കൾ ഖേദപ്രകടനം നടത്തിയത് അറിയിച്ചത്.
എംഎസ്എഫ് നേതാക്കള്‍ക്ക് നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിൽ തുടര്‍നടപടികള്‍ ഉണ്ടാകില്ലെന്നും ഹരിതയുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി മരവിപ്പിച്ച നടപടി പിന്‍വലിക്കുമെന്നും പറഞ്ഞ മുസ്‌ലിം ലീഗ് ‘ഹരിത’ ഭാരവാഹികള്‍ വനിതാ കമ്മീഷന് നല്‍കിയ പരാതി പിന്‍വലിക്കുമെന്നും അറിയിച്ചിരുന്നു.
എന്നാൽ, മുസ്‌ലിം ലീഗിന്റെ നടപടിയിൽ തൃപ്‌തരല്ലെന്നാണ് ഹരിത നേതാക്കൾ പറയുന്നത്. സ്‌ത്രീവിരുദ്ധ പരാമർശം നടത്തിയ എംഎസ്എഫ് സംസ്‌ഥാന നേതാക്കൾക്ക് എതിരെ വനിതാ കമ്മീഷനിൽ നൽകിയ പരാതി പിൻവലിക്കില്ലെന്ന് എംഎസ്എഫ് ദേശീയ വൈസ് പ്രസിഡണ്ട് ഫാത്തിമ തഹ്‌ലിയ പറഞ്ഞു. “പുറത്ത് വന്നത് പാര്‍ടിയുടെ അഭിപ്രായമാണ്. ഞങ്ങള്‍ ഇതുവരെ പരാതി പിന്‍വലിച്ചിട്ടില്ല. പരാതി പിന്‍വലിക്കാന്‍ തീരുമാനിച്ചിട്ടും ഇല്ല,”- ഫാത്തിമ വ്യക്‌തമാക്കി.
Most Read: ബംഗാൾ തിരഞ്ഞെടുപ്പ് സംഘർഷം; അന്വേഷണം ആരംഭിച്ച് സിബിഐ