മലപ്പുറം: തൃശൂർ-കുറ്റിപ്പുറം സംസ്‌ഥാന പാതയിൽ നിർത്തിയിട്ടിരുന്ന ചരക്ക് ലോറിയിൽ വാൻ ഇടിച്ച് ആറ് പേർക്ക് പരിക്ക്. ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് അപകടം നടന്നത്. താടിപ്പടിയിലെ പെട്രോൾ പമ്പിന് മുന്നിൽ നിർത്തിയിട്ട ചരക്ക് ലോറിയിലാണ് നിയന്ത്രണം വിട്ട വാൻ ഇടിച്ചത്. എറണാകുളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഫാഷൻഷോ ടീം അംഗങ്ങൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപെട്ടത്. വാനിൽ പത്ത് പേർ ഉണ്ടായിരുന്നതായാണ് വിവരം.
മലപ്പുറം കോട്ടക്കലിൽ നിന്ന് ഫാഷൻ ഷോ പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അപകടം. തൃശൂർ സ്വദേശി ആൽബർട്ട് (20), കൊല്ലം ചടയമംഗലം സ്വദേശികളായ സുഹൈദ് (19), അസ്‌ലം (20), കോട്ടയം എരുമേലി സ്വദേശി ജെഫിൻ (21) കോട്ടയം കുറുവിലങ്ങാട് സ്വദേശി ഹേമന്ത് (19), തൃശൂർ കേച്ചേരി സ്വദേശി നവാഫ് (19) എന്നിവർക്കാണ് പരിക്കേറ്റത്. ആൽബർട്ടിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും മറ്റുള്ളവരെ ചങ്ങരംകുളത്തെ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
Most Read: കാഞ്ഞങ്ങാട് കാറിടിച്ച് ലോട്ടറി വിൽപ്പനക്കാരൻ മരിച്ച സംഭവം; പ്രതി പിടിയിൽ