കാസർഗോഡ്: കാഞ്ഞങ്ങാട് ലോട്ടറി വിൽപ്പനക്കാരനെ ഇടിച്ചുതെറിപ്പിച്ച ശേഷം കടന്നുകളഞ്ഞ കാർ ഡ്രൈവർ പിടിയിൽ. കണ്ണൂർ അഞ്ചരക്കണ്ടി സ്വദേശി പ്രജിത്ത് (47) ആണ് പിടിയിലായത്. അപകട സ്‌ഥലത്ത് നിന്ന് ലഭിച്ച രണ്ട് ചില്ല് കഷ്‌ണങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പോലീസ് അന്വേഷണം. തുടർന്ന് അപകടം നടന്ന് 16 ദിവസങ്ങൾക്ക് ശേഷമാണ് പോലീസ് കാറിനേയും ഉടമയെയും പിടികൂടിയത്. കാഞ്ഞങ്ങാട് ആറങ്ങാടി കൂളിയങ്കാലിൽ കഴിഞ്ഞ നവംബർ 14ന് രാത്രിയായിരുന്നു സംഭവം.
ലോട്ടറി വിൽപ്പനക്കാരനായിരുന്ന തോയമ്മൽ സ്വദേശി സുധീഷിനെയാണ് (37) കാറിടിച്ചത്. സുധീഷിനെ ഇടിച്ചിട്ട ശേഷം കാർ നിർത്താതെ പോവുകയായിരുന്നു. നാട്ടുകാർ സുധീഷിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. തുടർന്ന്, അപകടം ഉണ്ടാക്കിയ കാർ കണ്ടെത്തുന്നതിന് ഹൊസ്‌ദുർഗ് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കഴിഞ്ഞ ദിവസും കാറും ഡ്രൈവറും പോലീസിന്റെ പിടിയിലായത്. മനഃപൂർവമല്ലാത്ത നരഹത്യക്കാണ് ഇയാൾക്കെതിരെ കേസെടുത്തത്.
അപകടം നടന്ന സ്‌ഥലത്ത് നിന്ന് ലഭിച്ച രണ്ട് ചില്ല് കഷ്‌ണങ്ങളായിരുന്നു പൊലീസിന് ലഭിച്ച ആകെയുള്ള തെളിവ്. കാറിന്റെ ഹെഡ്‌ലൈറ്റിന്റെ പൊട്ടിയ കഷ്‌ണങ്ങളായിരുന്നു ഇവ. ഈ ചില്ല് നങ്ങൾ വിവിധ വർക്ക് ഷോപ്പുകളിലും മെക്കാനിക്കുകളുടെ അടുത്തും എത്തിച്ചാണ് ഏത് മോഡൽ കാറിന്റെ ഭാഗങ്ങളാണെന്ന് കണ്ടെത്തിയത്. കൂടാതെ, അപകടം നടന്ന സ്‌ഥലത്ത് നിന്ന് ഹൈവേയിലൂടെ കണ്ണൂർ ഭാഗത്തേക്കുള്ള സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചിരുന്നു. തുടർന്നാണ് പ്രതിയെ പിടികൂടിയത്. എന്നാൽ, കാറിൽ അറ്റകുറ്റപ്പണി നടത്തിയതിനാൽ ശാസ്‌ത്രീയമായി തെളിയിച്ചാണ് പോലീസ് പ്രതിയെ അറസ്‌റ്റ് ചെയ്‌തത്. തെളിവുകളുടെ ഫോറൻസിക് പരിശോധനയും നടത്തിയിരുന്നു.
Most Read: രാജ്യാന്തര യാത്രക്കാരുടെ പുതുക്കിയ മാർഗരേഖ; ഇന്ന് മുതൽ പ്രാബല്യത്തിൽ