തൃശൂർ: തൃശൂരിലെ ആകാശ പാതയിലൂടെ ഇനി കാൽനട യാത്രക്കാർക്ക് സ്‌ഥിരമായി നടന്നു തുടങ്ങാം. ഏറെ കാലത്തെ കാത്തിരിപ്പിനൊടുവിലാണ് പൊതുജനങ്ങൾക്കായി നാളെ തുറന്നു കൊടുക്കുന്നത്.
കേരളത്തിലെ മറ്റൊരു ജില്ലയ്‌ക്കും അവകാശപ്പെടാനില്ലാത്ത സംസ്‌ഥാനത്തെ ഏറ്റവും നീളം കൂടിയ ആകാശപ്പാത (സ്കൈ വോക്ക്)യാണിത്. അടച്ചുറപ്പുള്ള ഗ്ളാസുകൾ സ്‌ഥാപിച്ച ശേഷം ഉൾഭാഗം ശീതീകരിക്കുകയും ലിഫ്റ്റ് സൗകര്യം ഒരുക്കുകയും ചെയ്‌ത ശേഷമാണ് ശക്‌തൻ നഗറിലെ ആകാശ നടപ്പാത നഗരത്തിനു സമർപ്പിക്കുന്നത്.
കഴിഞ്ഞ വർഷം ഓഗസ്‌റ്റിലാണ് ആകാശപ്പാത ആദ്യം കാൽ നടയാത്രക്കാർക്കായി തുറന്നു നൽകിയത്. പിന്നീടു നടപ്പാതക്കുള്ളിൽ എയർ കണ്ടിഷനിങ് സൗകര്യം ഒരുക്കുന്നതിനും വശങ്ങൾക്കു ചുറ്റും ഗ്ളാസും സീലിങ്ങും സ്‌ഥാപിക്കുന്നതിനും താൽക്കാലികമായി അടച്ചിടുകയായിരുന്നു. കോർപറേഷന്റെ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി വൃത്താകൃതിയിൽ നിർമാണം പൂർത്തിയാക്കിയ ആകാശപ്പാതയുടെ അടിസ്‌ഥാനച്ചെലവ് 5.50 കോടി രൂപയാണ്. രണ്ടാംഘട്ട വികസനത്തിന്റെ ഭാഗമായി 50 ലക്ഷം രൂപയോളം ചെലവഴിച്ചാണു പ്രത്യേക ടഫൻഡ് ഗ്ളാസുകൾ സ്‌ഥാപിച്ച് ഉൾഭാഗം ശീതീകരിച്ചത്.
ആകാശപ്പാതയുടെ മുകളിൽ സ്‌ഥാപിച്ച 50 കിലോ വോട്ടിന്റെ സോളർ പാനലുകൾ വഴിയാണു എയർ കണ്ടിഷനിങ്, വെളിച്ച സംവിധാനങ്ങൾ, ലിഫ്റ്റുകൾ എന്നിവക്കുള്ള വൈദ്യുതി. പൂർണമായും സൗരോർജ വൈദ്യുതിയിലാകും ഇവ പ്രവർത്തിക്കുക. 38 ലക്ഷം രൂപ ചെലവഴിച്ചാണു പാനലുകൾ സ്‌ഥാപിച്ചത്. ഡിസംബറോടെ മറ്റു ഭാഗങ്ങളിലും സോളർ പാനലുകൾ സ്‌ഥാപിക്കുന്നതു പൂർത്തിയാകും.
നഗരത്തിൽ ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെടുന്ന ശക്‌തൻ നഗറിൽ സംഗമിക്കുന്ന 4 റോഡുകളെ ബന്ധിപ്പിക്കുന്നതാണ് ആകാശ നടപ്പാത. പഴയ പട്ടാളം–ശക്‌തൻ തമ്പുരാൻ നഗർ റോഡ്, റിങ് റോഡ്, ശക്‌തൻ നഗർ റോഡ്, ഹൈറോഡ് കണക്‌ഷൻ റോഡ് എന്നിവയെയാണ് ബന്ധിപ്പിക്കുന്നത്. ശക്‌തൻ ബസ് സ്‌റ്റാൻഡ് പരിസരം, മൽസ്യ–മാംസം മാർക്കറ്റ്, പഴം–പച്ചക്കറി മാർക്കറ്റ്, ശക്‌തൻ പ്രദർശന ഗ്രൗണ്ട് എന്നിവിടങ്ങളിൽ നിന്ന് ആകാശപ്പാതയിലേക്കു പ്രവേശിക്കാം. പടികളും ലിഫ്റ്റുകളുമുണ്ട്.
ആകാശപ്പാതക്കുള്ളിലും മറ്റുമായി 20 സിസിടിവി ക്യാമറകൾ സ്‌ഥാപിച്ചിട്ടുണ്ട്. സുരക്ഷ കണക്കിലെടുത്ത് രാത്രി 10.30 നു ശേഷം പ്രവേശന കവാടങ്ങൾ അടയ്‌ക്കും. ഇതിനായി ഗ്രില്ലുകൾ സ്‌ഥാപിച്ചിട്ടുണ്ട്. ഇതോടൊപ്പം സുരക്ഷാ ജീവനക്കാരെയും നിയമിക്കുമെന്നും അധികൃതർ പറഞ്ഞു.
KERALA TOP | നടൻ സിദ്ദിഖിന്റെ അറസ്‌റ്റ്: വിമാനത്താവളങ്ങളിൽ ശക്‌തമായ നിരീക്ഷണം