പാലക്കാട്: വോട്ടർമാരെ സ്വാധീനിക്കാൻ പണം നൽകിയതായുള്ള സംഭവവുമായി ബന്ധപ്പെട്ട് ബിജെപി സ്‌ഥാനാർഥി ശോഭാ സുരേന്ദ്രനെതിരെ പരാതി. ബിജെപി മുൻ ആലപ്പുഴ നോർത്ത് ജില്ലാ വൈസ് പ്രസിഡണ്ട് ബിന്ദു വിജയകുമാറാണ് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയത്.
ശോഭാ സുരേന്ദ്രൻ ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. പണമെത്തിച്ചത് ബിന്ദുവാണെന്നാണ് ശോഭ ആരോപിക്കുന്നത്. കരണം അടിച്ചു പൊളിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ബിന്ദു പറയുന്നു. ശോഭ സുരേന്ദ്രൻ ഭീഷണിപ്പെടുത്തുന്ന ശബ്‌ദ സന്ദേശം ബിന്ദു പുറത്തുവിട്ടിട്ടുണ്ട്.
നിങ്ങൾ ബിജെപി പ്രവർത്തക അല്ലേ എന്ന് ചോദിച്ചാണ് ശോഭ സംഭാഷണം തുടങ്ങുന്നത്. പാലക്കാട്ടെ വോട്ടർക്ക് പണം നൽകിയ സ്‌ത്രീക്ക് പിന്നിൽ ബിന്ദു ആണെന്ന് ആരോപിക്കുന്ന ശോഭ, അടിച്ചു പണിക്കുറ്റം തീർക്കുമെന്നാണ് ഫോൺ സന്ദേശത്തിൽ പറയുന്നത്. വോട്ടർക്ക് പണം നൽകിയ സ്‌ത്രീ വന്നത് ആലപ്പുഴ രജിസ്ട്രേഷനിലുള്ള കാറിലാണെന്നും ബിന്ദുവിനെ കോടതി കയറ്റുമെന്നും സംസ്‌ഥാന അധ്യക്ഷന് പരാതി നൽകുമെന്നും ശോഭ പറയുന്നുണ്ട്.
നിശബ്‌ദ പ്രചാരണ ദിനമായ എട്ടിന് കണ്ണാടി പഞ്ചായത്തിലെ തരുവക്കുറിശ്ശിയിൽ എൻഡിഎ സ്‌ഥാനാർഥിക്കുവേണ്ടി വോട്ടർക്ക് 5000 രൂപ നൽകിയെന്ന് കോൺഗ്രസ് പരാതി നൽകിയിരുന്നു. വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെ ജില്ലാ കലക്‌ടറുടെ നിർദ്ദേശ പ്രകാരം തിരഞ്ഞെടുപ്പ് ഫ്‌ളൈയിങ് സ്‌ക്വാഡ് സ്‌ഥലത്തെത്തി വോട്ടറുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.
ഫ്‌ളൈയിങ് സ്‌ക്വാഡ് നൽകിയ വിവരത്തിന്റെ അടിസ്‌ഥാനത്തിൽ പാലക്കാട് ടൗൺ സൗത്ത് പോലീസ് കേസെടുത്തു. ശോഭയുടെ മൊഴിയും രേഖപ്പെടുത്തി. സംഭവത്തിൽ ബിന്ദുവിന് പങ്കുണ്ടെന്നാണ് ശോഭ ആരോപിക്കുന്നത്. ഇന്നലെയാണ് ശോഭ വിളിച്ചതെന്ന് ബിന്ദു പറയുന്നു.
Most Read| ഇത് അത്‌ഭുതം! ഒരൊറ്റ മാവിൽ വിരിഞ്ഞത് 350 ഇനം മാമ്പഴങ്ങൾ






































