തിരുവനന്തപുരം: ബിജെപി നേതാവ് ശോഭാ സുരേന്ദ്രനെ ഡെൽഹിയിലേക്ക് വിളിപ്പിച്ച് കേന്ദ്ര നേതൃത്വം. മൂന്നാം മോദി സർക്കാരിന്റെ പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്‌ഞ നാളെ നടക്കാനിരിക്കെ, നിർണായക ചർച്ചകൾക്കാണ് ശോഭയെ ഡെൽഹിയിലേക്ക് വിളിപ്പിച്ചത്. ശോഭയ്‌ക്ക് പാർട്ടിയിൽ പുതിയ ചുമതലകൾ ലഭിച്ചേക്കുമെന്നാണ് സൂചന.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എൻഡിഎക്ക് ആലപ്പുഴയിൽ ഇതുവരെ കിട്ടാത്ത വോട്ട് വിഹിതമാണ് ശോഭ നേടിയത്. രണ്ടു നിയമസഭാ മണ്ഡലങ്ങളിൽ രണ്ടാം സ്‌ഥാനത്തെത്തി. പല മേഖലയിലും ഒന്നാമതായി. അഞ്ചുവർഷം കൊണ്ട് 1.2 ലക്ഷത്തോളം വോട്ടിന്റെ വർധനയാണ് ആലപ്പുഴയിൽ എൻഡിഎക്ക് ഉണ്ടായത്. കഴിഞ്ഞ തവണ 1.87 ലക്ഷത്തിലേറെ വോട്ട് (17.24%) ഡോ. കെഎസ് രാധാകൃഷ്‌ണൻ നേടി.
ശോഭ വോട്ടുവിഹിതം 2.99 ലക്ഷത്തിന് മുകളിൽ എത്തിച്ചു (28.3%). മൽസരിച്ചിടത്തെല്ലാം ശോഭ വോട്ട് കുത്തനെ ഉയർത്തിയിട്ടുണ്ട്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ആറ്റിങ്ങലിൽ മൽസരിച്ചപ്പോഴും ശോഭ മികച്ച പ്രകടനം കാഴ്‌ചവെച്ചിരുന്നതും കേന്ദ്ര നേതൃത്വം പരിഗണിച്ചു.
Most Read| പ്രകൃതിയുടെ വരദാനമായി ‘ലവ് ടണൽ’; മരങ്ങളാൽ ചുറ്റപ്പെട്ട തുരങ്കം യുക്രൈനിൽ