കാസർഗോഡ്: ജില്ലയിലെ വെള്ളരിക്കുണ്ട് താലൂക്ക് പരിധിയിലെ അനധികൃത മണ്ണ്, മണൽ, പാറ, ചെങ്കല്ല് ഖനനവും കടത്തിക്കൊണ്ട് പോകലും തടയുന്നതിനുള്ള സ്‌ക്വാഡിനെതിരെ സോഷ്യൽ മീഡിയയിൽ വ്യാജ പ്രചാരണം. നവംബർ ഏഴിന് പരപ്പയിൽ സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ മതിയായ രേഖകൾ ഇല്ലാതെ ചെമ്മണ്ണ് കടത്താൻ ശ്രമിച്ച വാഹനം കസ്‌റ്റഡിയിൽ എടുത്തിരുന്നു. ഇത് സംബന്ധിച്ച് പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് തഹസിൽദാർ അറിയിച്ചു.
താൽക്കാലിക ഡ്രൈവറുടെ സ്വന്തം ഇഷ്‌ടപ്രകാരമാണ് ഖനനം നടക്കുന്ന സ്‌ഥലത്ത് എത്തുകയും വാഹനം കസ്‌റ്റഡിയിൽ എടുക്കുകയും ചെയ്‌തത് എന്നായിരുന്നു പ്രചാരണം. എന്നാൽ ഇത് അടിസ്‌ഥാന രഹിതമാണെന്ന് തഹസിൽദാർ പറഞ്ഞു. വെള്ളരിക്കുണ്ട് തഹസിൽദാറുടെ നിദേശ പ്രകാരമാണ് സ്‌ക്വാഡ് ഡ്യൂട്ടിയിലുള്ള ഡെപ്യൂട്ടി തഹസിൽദാറും താലൂക്ക് ഓഫീസിലെ സീനിയർ ക്ളർക്കും സ്‌ക്വാഡ് പ്രവർത്തനത്തിനായി അനുവദിച്ച വാഹനത്തിൽ പരിശോധനക്കായി എത്തിയത്.
ചെമ്മണ്ണ് കടത്താൻ അനുവദിച്ചുള്ള പാസിൽ തീയതി, സമയം തുടങ്ങിയ വിവരങ്ങൾ നിർബന്ധമായും രേഖപ്പെടുത്തണം. എന്നാൽ ഇവരുടെ പക്കലുണ്ടായിരുന്ന പാസിൽ ഈ വിവരങ്ങൾ ഇല്ലായിരുന്നു. അതിനാലാണ് വാഹനം കസ്‌റ്റഡിയിലെടുത്തതെന്നും തഹസിൽദാർ പറയുന്നു.
Malabar News: അബ്‌ദുള്ളകുട്ടിയുടെ സഹോദരന്‍ കണ്ണൂരില്‍ എന്‍ഡിഎ സ്‌ഥാനാര്‍ഥി
താലൂക്ക് പരിധിയിൽ ഏതെങ്കിലും തരത്തിലുള്ള ഖനനമോ ധാതുക്കൾ കടത്തിക്കൊണ്ട് പോകുന്നതോ ശ്രദ്ധയിൽപെട്ടാൽ അക്കാര്യം 04672242320, 8547618470, 8547618469 എന്നീ നമ്പറുകളിൽ വിളിച്ച് അറിയിക്കാം.






































