കൊല്ലം: സോളാർ കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട കേസിൽ കൊട്ടാരക്കര കോടതിയിലെ തുടർനടപടികൾക്കുള്ള സ്റ്റേ ഹൈക്കോടതി നീക്കി. എന്നാൽ, കേസിൽ ഗണേഷ് കുമാർ ഉടൻ നേരിട്ട് കോടതിയിൽ ഹാജരാകേണ്ടതില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. പത്ത് ദിവസം വരെ നേരിട്ട് ഹാജരാകേണ്ടെന്നാണ് ഹൈക്കോടതി നിർദ്ദേശിച്ചിരിക്കുന്നത്. കേസ് റദ്ദാക്കണമെന്ന ഗണേഷിന്റെ ഹരജി വിധി പറയാൻ മാറ്റി.
അതേസമയം, സോളാർ പീഡന കേസിൽ പരാതിക്കാരിയുടെ കത്ത് വ്യാജമല്ലെന്ന് കെബി ഗണേഷ്കുമാർ എംഎൽഎ കോടതിയിൽ പറഞ്ഞു. കത്ത് എഴുതിയതും ഒപ്പിട്ടതും കോടതിയിൽ ഹാജരാക്കിയതും പരാതിക്കാരിയാണെന്നും ഗണേഷ്കുമാർ ഹൈക്കോടതിയിൽ പറഞ്ഞു. സോളാർ കേസിലെ ഗൂഢാലോചനയിൽ കൊട്ടാരക്കര ജുഡീഷ്യൽ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതിയുടെ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു ഗണേഷ് നൽകിയ ഹരജി ഹൈക്കോടതി പരിഗണിക്കുമ്പോഴാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കേസിലെ ഗൂഢാലോചനയിൽ ഗണേഷ് നേരിട്ട് ഹാജരാകണമെന്ന് കൊട്ടാരക്കര ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. കോൺഗ്രസ് നേതാവ് അഡ്വ. സുധീർ ജേക്കബ് നൽകിയ ഹരജിയിലായിരുന്നു നിർദ്ദേശം. ഒക്ടോബർ 18ന് ഗണേഷ് ഹാജരാകണമെന്നാണ് കോടതി നിർദ്ദേശിച്ചത്. സോളാർ കേസിലെ പരാതിക്കാരി എഴുതിയ കത്തിൽ കൂട്ടിച്ചേർക്കൽ ഉണ്ടായെന്നും അതിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേര് എഴുതി ചേർത്തതാണെന്നും കാണിച്ചാണ് സുധീർ ജേക്കബ് ഹരജി ഫയൽ ചെയ്തത്.
Most Read| ‘ഗാസ പിടിച്ചെടുക്കാനുള്ള ഇസ്രയേൽ നീക്കം വലിയ അബദ്ധമാകും’; ജോ ബൈഡൻ







































