പേരാമ്പ്ര: കൽപത്തൂരിൽ മകന്റെ മർദ്ദനമേറ്റ് ഒരു മാസത്തോളമായി ചികിൽസയിലായിരുന്ന അമ്മ മരിച്ചു. രാമല്ലൂർ പുതുക്കുളങ്ങരതാഴ പുതിയോട് പറമ്പിൽ നാരായണി (82) ആണ് മരിച്ചത്. മെയ് ഒന്നിന് വൈകിട്ട് ഏഴ് മണിയോടെയാണ് അക്രമം ഉണ്ടായത്. തലക്ക് ഗുരുതരമായി പരിക്കേറ്റ നാരായണി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിൽസയിലായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് മരണം സംഭവിച്ചത്.
അക്രമം നടന്ന ദിവസം തന്നെ ഏക മകൻ പിടി രാജീവനെ (49) പേരാമ്പ്ര പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. പേരാമ്പ്ര മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്ത രാജീവൻ കൊയിലാണ്ടി സബ് ജയിലിലാണ് ഇപ്പോഴുള്ളത്. അമ്മ മരിച്ചതോടെ കൊലപാതക കുറ്റം ചുമത്തി പോലീസ് കോടതിയിൽ റിപ്പോർട് സമർപ്പിച്ചു.
വീടിന്റെ മുൻവശത്തെ വരാന്തയിൽ വെച്ച് ക്രൂരമായ രീതിയിലാണ് രാജീവൻ അമ്മയെ മർദ്ദിച്ചത്. തല ചുമരിലിടിക്കുകയും പലതവണ ചവിട്ടി വീഴ്ത്തുകയും ചെയ്തിരുന്നു. വീടിന്റെ പ്രവേശനഭാഗത്തെ പടിയിലെ ഗ്രാനൈറ്റിൽ തലയിടിച്ച് നാരായണിയുടെ തലയുടെ പിൻഭാഗത്ത് ആഴത്തിലുള്ള മുറിവുണ്ടായി. കരച്ചിൽ കേട്ട് ഓടിയെത്തിയ അയൽവാസികളെ രാജീവൻ കത്തികാട്ടി ഭീഷണിപ്പെടുത്തി. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പേരാമ്പ്ര പോലീസ് സ്ഥലത്തെത്തിയാണ് രാജീവനെ കസ്റ്റഡിയിൽ എടുത്തത്.
Most Read: സമൂഹമാദ്ധ്യമം വഴി ഹണിട്രാപ്പ്; യുവതി ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ






































