വാഷിങ്ടൺ: മാസങ്ങളായി രാജ്യാന്തര ബഹിരാകാശ നിലയത്തിൽ കുടുങ്ങിപ്പോയ സുനിത വില്യംസിനെയും വില്യം ബുച്ച് വിൽമോറിനെയും തിരിച്ചെത്തിക്കാനുള്ള നാസ- സ്‌പേസ് എക്‌സ് ദൗത്യം വീണ്ടും മുടങ്ങി. സ്‌പേസ് എക്‌സിന്റെ ക്രൂ 10 ദൗത്യമാണ് വിക്ഷേപിക്കുന്നതിന് തൊട്ടുമുൻപ് നിർത്തിവെച്ചത്. സാങ്കേതിക തടസമാണെന്നാണ് വിവരം.
ഇതോടെ, സുനിതയും വിൽമോറും 16ന് മടങ്ങിയെത്താനുള്ള സാധ്യതയും മങ്ങി. പുതിയ വിക്ഷേപണ തീയതി നാസ പ്രഖ്യാപിച്ചിട്ടില്ല. ഒമ്പത് മാസത്തോളമായി ബഹിരാകാശ നിലയത്തിൽ തുടരുന്ന ഇരുവരെയും തിരികെയെത്തിക്കാൻ നാസയും ഇലോൺ മസ്‌കിന്റെ സ്‌പേസ് എക്‌സും ചേർന്നുള്ള ദൗത്യമാണ് ക്രൂ 10. പകരക്കാരായ സംഘം ക്രൂ 10ൽ ബഹിരാകാശ നിലയത്തിൽ എത്തിയാലാണ് ഇരുവർക്കും മടങ്ങാനാവുക.
നാസയുടെ കെന്നഡി സ്‌പേസ് സെന്ററിൽ നിന്നാണ് ഫാൽക്കൺ റോക്കറ്റ് വിക്ഷേപിക്കാൻ തയ്യാറെടുത്തിരുന്നത്. ഇതിന്റെ തൽസമയ വീഡിയോ സംപ്രേഷണവും ഒരുക്കിയിരുന്നു. വിക്ഷേപണത്തിന് നാലുമണിക്കൂർ മുമ്പാണ് ഹൈഡ്രോളിക് സിസ്‌റ്റത്തിൽ പ്രശ്‍നങ്ങൾ ഉണ്ടെന്ന് എൻജിനിയർമാർ കണ്ടെത്തിയതെന്ന് നാസ ലോഞ്ച് കമന്റേറ്റർ ഡെറോൾ നെയിൽ പറഞ്ഞു.
പുതിയ വിക്ഷേപണ തീയതി ഔദ്യോഗികമായി സ്‌പേസ് എക്‌സ് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും വ്യാഴാഴ്‌ച രാത്രിയോടെ അടുത്ത ശ്രമം നടക്കുമെന്നാണ് റിപ്പോർട്ടുകൾ. 2024 ജൂൺ 7ന് ബഹിരാകാശ നിലയത്തിലെത്തിയ സുനിതയും വിൽമോറും ജൂൺ 13ന് തിരിച്ചെത്തും വിധമായിരുന്നു യാത്രാപദ്ധതി. എന്നാൽ, ബോയിങ് സ്‌റ്റാർലൈനർ പേടകത്തിനു തകരാർ സംഭവിച്ചതോടെ മടക്കയാത്ര മുടങ്ങി. പേടകത്തിൽ ഹീലിയം ചോർച്ച ഉണ്ടായതാണ് തിരിച്ചുവരവ് പ്രതിസന്ധിയിലായത്.
Most Read| കാനഡയെ നയിക്കാൻ ഇനി മാർക്ക് കാർനി; ട്രൂഡോയുടെ പിൻഗാമി, ട്രംപിന് എതിരാളി