വാഷിങ്ടൻ: മാസങ്ങളായി രാജ്യാന്തര ബഹിരാകാശ നിലയത്തിൽ കുടുങ്ങിപ്പോയ സുനിത വില്യംസിനെയും വില്യം ബുച്ച് വിൽമോറിനെയും തിരിച്ചെത്തിക്കാനുള്ള നാസ- സ്‌പേസ് എക്‌സിന്റെ ക്രൂ-10 വിക്ഷേപണം വിജയകരം. ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററിൽ നിന്നാണ് ഫാൽക്കൺ-9 റോക്കറ്റിൽ ക്രൂ-10 വിക്ഷേപിച്ചത്.
ഇന്ത്യൻ സമയം പുലർച്ചെ 4.33നായിരുന്നു (പ്രാദേശിക സമയം വൈകിട്ട് 7.03ന്) വിക്ഷേപണം. നാസയും സ്‌പേസ് എക്‌സും ചേർന്നാണ് നേതൃത്വം നൽകിയത്. ഒമ്പത് മാസമായി രാജ്യാന്തര ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടന്ന ബഹിരാകാശ യാത്രികരായ സുനിത വില്യംസിനെയും ബുച്ച് വിൽമോറിനെയും തിരികെ എത്തിക്കാനുള്ള ദൗത്യമാണ് വിജയകരമായി വിക്ഷേപിച്ചത്.
നാല് പുതിയ ബഹിരാകാശ സഞ്ചാരികളും പേടകത്തിലുണ്ട്. നാസയുടെ തന്നെ ആനി മക്ളെയിൻ, നിക്കോൾ അയേഴ്‌സ്, ജാപ്പനീസ് ബഹിരാകാശ ഏജൻസിയായ ജാക്‌സയിലെ തകുയ ഒനിഷി, റഷ്യൻ റോസ്‌കോസ്‌മോസിന്റെ കിറിൻ പെസ്‌കോവ് എന്നിവരാണ് ക്രൂ-10 ദൗത്യത്തിന്റെ ഭാഗമായി ഐഎസ്എസിലേക്ക് യാത്ര തിരിച്ചത്.
ക്രൂ-10ലെ ബഹിരാകാശ യാത്രികർ ഐഎസ്എസിൽ എത്തിക്കഴിഞ്ഞാൽ സുനിത വില്യംസ്, നിക്ക് ഹേഗ്, ബുച്ച് വിൽമോർ, റോസ്‌കോസ്മോസ് ബഹിരാകാശ യാത്രികൻ അലക്‌സാണ്ടർ ഗോർബുനോവ് എന്നിവർ ഉൾപ്പെടെയുള്ളവർക്ക് തിരികെ വരാൻ സാധിക്കും. ഫാൽക്കൺ 9 റോക്കറ്റിന്റെ ആദ്യ വിക്ഷേപണം സാങ്കേതിക പ്രശ്‌നം കാരണം നേരത്തെ മാറ്റിവെച്ചിരുന്നു.
കഴിഞ്ഞവർഷം ജൂണിലാണ് സുനിതയും ബുച്ച് വിൽമോറും ഐഎസ്‌എസിൽ കുടുങ്ങിയത്. ക്രൂ ഫ്‌ളൈറ്റിന്റെ ബോയിങ് സ്‌റ്റാർലൈനർ ബഹിരാകാശ പേടകത്തിലെ പ്രോപ്പൽഷനിൽ തകരാർ സംഭവിച്ചിരുന്നു. ഇതോടെ ഇവരുടെ ഭൂമിയിലേക്കുള്ള യാത്ര അനിശ്‌ചിതത്വത്തിലായി.
Most Read| ബ്രസീലിൽ 40 കോടി രൂപയ്‌ക്ക് വിറ്റു; നെല്ലോർ പശു ഒടുവിൽ ഗിന്നസ് ബുക്കിൽ