ന്യൂഡെൽഹി: പഞ്ചാബ് യാത്രക്കിടെ പ്രധാനമന്ത്രിക്ക് ഉണ്ടായ സുരക്ഷാ വീഴ്ച പരിശോധിക്കാൻ പ്രത്യേക സമിതി രൂപീകരിച്ച് സുപ്രീം കോടതി. ഏകോപനമുള്ള അന്വേഷണമാണ് വേണ്ടതെന്ന് വ്യക്തമാക്കിയാണ് കോടതി പ്രത്യേക സമിതി രൂപീകരിച്ചത്. വിഷയത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അന്വേഷണം നിർത്തി വെക്കാനും കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.
റിട്ടയേർഡ് സുപ്രീം കോടതി ജഡ്ജിയുടെ നേതൃത്വത്തിലായിരിക്കും സമിതി. കൂടാതെ എന്‍ഐഎ ഡയറക്ടർ ജനറലും പഞ്ചാബ് അഡീഷണല്‍ ഡിജിപിയും സമിതിയിലുണ്ടാകും. സമിതി രൂപീകരിച്ചുകൊണ്ടുള്ള ഉത്തരവ് ഉടൻ ഉണ്ടാകുമെന്നും കോടതി വ്യക്തമാക്കി. അതേസമയം സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട് അപൂര്‍ണമാണെന്ന് കേന്ദ്രം കുറ്റപ്പെടുത്തി. അടിസ്ഥാന വസ്തുതകള്‍ പോലും റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നില്ലെന്നും, ഉദ്യോഗസ്ഥരെ വെള്ളപൂശാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും കേന്ദ്രം ആരോപിച്ചിരുന്നു.
പഞ്ചാബിലെ ഫിറോസ്പൂർ സന്ദർശിക്കാനുള്ള യാത്രക്കിടെയാണ് പ്രധാനമന്ത്രിക്ക് സുരക്ഷാ വീഴ്ച നേരിട്ടത്. മോശം കാലാവസ്ഥയെ തുടർന്ന് പ്രധാനമന്ത്രിയുടെ യാത്ര റോഡ് മാർഗമാക്കാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ പ്രതിഷേധക്കാർ വഴി തടഞ്ഞതോടെ ഒരു ഫ്ളൈഓവറിൽ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം 20 മിനിറ്റോളം കുടുങ്ങി കിടക്കുകയും ചെയ്തു. തുടർന്ന് എസ്പിജിയുടെ നിർദ്ദേശപ്രകാരം അദ്ദേഹം യാത്ര റദ്ദാക്കി മടങ്ങുകയായിരുന്നു.
Read also: സംസ്ഥാനത്ത് സ്കൂളുകൾ ഉടൻ അടക്കില്ല; തീരുമാനം കോവിഡ് അവലോകന യോഗത്തിൽ







































