ലണ്ടൻ: കോവിഡിനെതിരായ പോരാട്ടത്തിൽ ഒന്നിച്ച് ചേർന്ന് പ്രവർത്തിക്കാൻ ഒരുങ്ങി യുകെയിലെയും റഷ്യയിലെയും വാക്‌സിൻ ശാസ്‌ത്രജ്‌ഞർ. ഓക്‌സ്‌ഫോർഡ് അസ്ട്രസനേക വാക്‌സിനും സ്‌പുട്‌നിക് വാക്‌സിനും ഒരുമിച്ച് പരീക്ഷണങ്ങളിൽ ഉൾപ്പെടുത്താനാണ് ആരോഗ്യ വിദഗ്‌ധരുടെ തീരുമാനം. രണ്ട് വാക്‌സിനും ഒരുമിച്ച് പ്രയോഗിക്കുന്നത് ആളുകളിലെ പ്രതിരോധ ശേഷി വർധിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
റഷ്യയിൽ വെച്ച് നടക്കുന്ന പരീക്ഷണത്തിൽ 18 വയസിന് മുകളിൽ ഉള്ളവരായിരിക്കും പങ്കെടുക്കുക. എത്രയാളുകൾ പരീക്ഷണത്തിൽ പങ്കെടുക്കുമെന്നതിനെ കുറിച്ച് സ്‌ഥിരീകരണം ആയിട്ടില്ല. വ്യത്യസ്‍ത വാക്‌സിനുകളുടെ സംയോജനം എങ്ങനെ ഫലപ്രദമാക്കാമെന്ന ആലോചനയിലാണെന്നും സ്‌പുട്‌നിക് വാക്‌സിൻ വികസിപ്പിച്ചെടുത്ത ഇൻസ്‌റ്റിറ്റ്യൂട്ടിൽ ഉടൻ തന്നെ പരീക്ഷണം ആരംഭിക്കുമെന്നും അസ്ട്രസനേക അറിയിച്ചു.
ഓക്‌സ്‌ഫോർഡ് സർവകലാശാലക്കൊപ്പം വികസിപ്പിച്ചുകൊണ്ടിരിക്കുന്ന വാക്‌സിന്റെ ശരാശരി ഫലപ്രാപ്‌തി 70.4 ശതമാനമാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ സ്‌പുട്‌നിക് വാക്‌സിൻ 92 ശതമാനം ഫലപ്രദമാണെന്നാണ് റഷ്യ അവകാശപ്പെടുന്നത്.
ഓക്‌സ്‌ഫോർഡ് സർവകലാശാലാ അസ്‌ട്രസനേകയുമായി ചേർന്ന് വികസിപ്പിച്ച വാക്‌സിനും മോസ്‌കോയിലെ ഗമാലിയ റിസർച്ച് ഇൻസ്‌റ്റിറ്റ്യൂട്ട് വികസിപ്പിച്ച സ്‌പുട്‌നിക് വാക്‌സിനും ഏകദേശം സമാനഘടകങ്ങളാണ് ഉളളത്. ഇവ രണ്ടും സാർസ്-കോവ്-2 സ്‌പൈക്ക് പ്രോട്ടീനിൽ നിന്നുള്ള ജനിതക ഘടകങ്ങൾ ഉൾകൊള്ളിച്ച് നിർമിച്ചവയാണ്.
Read also: സൗദിക്ക് ആശ്വാസം; കോവിഡ് മുക്‌തരുടെ എണ്ണം മൂന്നര ലക്ഷം കവിഞ്ഞു