തിരുവനന്തപുരം: ശ്രീ പത്‌മനാഭ സ്വാമി ക്ഷേത്രത്തിലെ നിവേദ്യ ഉരുളി മോഷണം പോയ സംഭവത്തിൽ പ്രതിയായ ഗണേഷ് ഝായുടെ മൊഴി പുറത്ത്. ഉരുളി മോഷ്‌ടിച്ചതല്ലെന്നും ക്ഷേത്ര ജീവനക്കാരൻ തന്നതാണെന്നുമാണ് പ്രതി പോലീസിനോട് പറഞ്ഞത്.
നിവേദ്യ ഉരുളി പുറത്തേക്ക് കൊണ്ടുപോയപ്പോൾ ആരും തടഞ്ഞില്ലെന്നും ഗണേഷ് ഝാ ഹരിയാന പോലീസിനോട് പറഞ്ഞു. ആരെങ്കിലും തടഞ്ഞിരുന്നുവെങ്കിൽ ഉരുളി മടക്കി നൽകുമായിരുന്നുവെന്നും ഇയാൾ പറഞ്ഞു. അതേസമയം, ക്ഷേത്ര ജീവനക്കാരുടെ മൊഴി പോലീസ് ഇന്ന് രേഖപ്പെടുത്തും. ക്ഷേത്രത്തിൽ നിന്ന് നിവേദ്യ ഉരുളി മോഷണ പോയ സംഭവത്തിൽ ഹരിയാന സ്വദേശികളായ മൂന്നുപേരാണ് പോലീസിന്റെ പിടിയിലായത്.
വ്യാഴാഴ്‌ചയാണ് ക്ഷേത്രത്തിൽ മോഷണം നടന്നത്. ക്ഷേത്രത്തിലെ അതീവ സുരക്ഷാ മേഖലയിലായിരുന്നു മോഷണം. 15നാണ് ക്ഷേത്രം ഭാരവാഹികൾ വിവരം പോലീസിൽ അറിയിച്ചത്. സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞ പ്രതികളുടെ ദൃശ്യങ്ങൾ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.
പ്രതികൾ താമസിച്ചിരുന്ന ഹോട്ടലിൽ നൽകിയിരുന്ന പാസ്‌പോർട്ടിലെ വിവരങ്ങളിൽ നിന്നാണ് ഹരിയാന സ്വദേശികളാണ് ഇവരെന്ന വിവരം ലഭിച്ചത്. തുടർന്നാണ് ഹരിയാനയിൽ നിന്ന് പ്രതികൾ പിടിയിലായത്. രണ്ട് സ്‌ത്രീകളും ഒരു പുരുഷനുമാണ് പോലീസിന്റെ പിടിയിലായത്. പിടിയിലായ ഗണേഷ് ഝാ ഓസ്ട്രേലിയൻ പൗരത്വമുള്ള ഡോക്‌ടറാണ്.
Most Read| സ്വയം വളരും, രൂപം മാറും; ജീവനുള്ള കല്ലുകൾ ഭൂമിയിൽ!







































