ചെന്നൈ: തമിഴ്‌നാട് രാഷ്‌ട്രീയത്തിൽ താരസഖ്യത്തിന് കളമൊരുങ്ങുന്നു. നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽഹാസനുമായി ഡിഎംഡികെ നേതാവും നടനുമായ വിജയകാന്ത് ഉടൻ കൂടിക്കാഴ്‌ച നടത്തും.
സീറ്റ് വിഭജന തർക്കത്തിന്റെ പേരിലാണ് വിജയകാന്തിന്റെ ഡിഎംഡികെ പാർട്ടി, അണ്ണാഡിഎംകെ സഖ്യത്തിൽ നിന്ന് പുറത്തേക്ക് പോകാൻ തീരുമാനിക്കുന്നത്. പാർട്ടിക്ക് മുന്നണിയിൽ അർഹമായ സ്വാധീനം ലഭിക്കുന്നില്ലെന്ന് ഡിഎംഡികെ നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു.
ഇത്തരം ഭിന്നതകൾക്ക് ഒടുവിലാണ് ഡിഎംഡികെ മൂന്നാം മുന്നണിയിലേക്ക് കൂടുമാറാൻ ഒരുങ്ങുന്നത്. ഇരുവരും തമ്മിൽ വൈകാതെ തന്നെ കൂടിക്കാഴ്‌ച നടത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. തമിഴ്‌നാട്ടിൽ താരപരിവേഷമുള്ള ഇരുവരും ഒന്നിക്കുമ്പോൾ കൂടുതൽ ശക്‌തമായ ഭീഷണിയാവും മറ്റ് രണ്ട് മുന്നണികൾക്കും നേരിടേണ്ടി വരിക.
എഐഎഡിഎംകെ മുന്നണിയിൽ 20 സീറ്റുകളാണ് വിജയകാന്ത് ആവശ്യപ്പെട്ടത്. എന്നാൽ 11 സീറ്റുകളിൽ കൂടുതൽ അനുവദിക്കാൻ കഴിയില്ലെന്ന നിലപാട് എടുത്തതോടെ ഡിഎംഡികെ അതൃപ്‌തി പരസ്യമാക്കിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് മുന്നണിമാറ്റം. നേരത്തെ നടൻ ശരത് കുമാറിന്റെ നേതൃത്വത്തിലുള്ള സമത്വ കക്ഷി മക്കൾ പാർട്ടിയും കമലുമായി സഹകരിക്കുമെന്ന് അറിയിച്ചിരുന്നു.







































