ചെന്നൈ: രക്‌തദാന ദൗത്യത്തിന് തുടക്കമിട്ട് നടൻ കമൽഹാസൻ. ആവശ്യക്കാർക്ക് വേഗം ദാനം ചെയ്യാനായി ‘കമൽസ് ബ്‌ളഡ് കമ്യൂൺ’ എന്ന പേരിലാണ് സംരംഭം ആരംഭിച്ചിരിക്കുന്നത്. ചെന്നൈ ആൽവാർപേട്ടിലെ മക്കൾ നീതി മായം ഓഫിസിൽ നടന്ന ചടങ്ങിൽ കമൽഹാസൻ ഉൽഘാടനം നിർവഹിച്ചു. ചൊവ്വാഴ്‌ച ലോക രക്‌തദാന ദിനാചരണം ആചരിക്കുന്നതിന് മുന്നോടിയായാണ് സംരംഭം നാടിന് സമർപ്പിച്ചിരിക്കുന്നത്.
ഡിജിറ്റൽ മാർഗം വഴിയുള്ള അതിവേഗ രക്‌തദാന പ്രവർത്തനമാണ് കമൽസ് ബ്‌ളഡ് കമ്യൂണിലൂടെ ലക്ഷ്യമിടുന്നത്. കഴിഞ്ഞ 40 വർഷമായി രക്‌തദാന സേവനം നടത്തുന്ന കമൽഹാസന്റെ ആരാധന സംഘടനയും പിന്തുണയുമായി ഒപ്പമുണ്ട്.
പുതിയ സംരംഭത്തിലൂടെ ആരാധക സംഘടനയുടെ രക്‌തദാന സേവനങ്ങൾക്ക് അടുക്കും ചിട്ടയും ക്രമീകരണങ്ങളും ഒരുക്കുകയാണ് ചെയ്യുന്നത്. ദാതാക്കളെ വേഗത്തിൽ ഒരുമിപ്പിച്ച് ആവശ്യക്കാർക്ക് എത്രയും പെട്ടെന്ന് തന്നെ രക്‌തം എത്തിക്കാൻ ഇതിലൂടെ സാധിക്കും. സിനിമ ഉപേക്ഷിക്കില്ലെന്നും രാഷ്‌ട്രീയത്തിൽ വന്നത് പണം സമ്പാദിക്കാനല്ലെന്നും ഉൽഘാടന ചടങ്ങിൽ കമൽഹാസൻ പറഞ്ഞു. പുതിയ സംരംഭം സംസ്‌ഥാനം മുഴുവൻ വ്യാപിപ്പിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കമൽസ് ബ്‌ളഡ് കമ്യൂണിലേക്ക് 9150208889 എന്ന നമ്പറിൽ വിളിക്കാം.
Most Read: ‘പൈസ ഇല്ലെങ്കിൽ എന്തിനാഡോ വാതിൽ പൂട്ടുന്നേ’; നിരാശയോടെ കള്ളന്റെ കത്ത്