ജോഡോ യാത്രയിൽ അണിചേർന്ന് കമൽ ഹാസൻ; രാജ്യത്തെ ഒന്നിപ്പിക്കേണ്ട സമയമെന്ന് താരം

രാജ്യം ഭരിക്കുന്നത് നരേന്ദ്രമോദി സർക്കാറല്ലെന്നും അംബാനി, അദാനി സർക്കാരാണെന്നും രാഹുൽഗാന്ധി വിമർശിച്ചു. രാജ്യം നേരിടുന്ന യഥാർഥ പ്രശ്‌നങ്ങളിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിച്ചു വിടാൻ ഹിന്ദു-മുസ്‌ലിം ധ്രുവീകരണം സൃഷ്‌ടിക്കുകയാണെന്നും ഇതിന് മാദ്ധ്യമങ്ങൾ കൂട്ടുനിൽക്കുക ആണെന്നും രാഹുൽഗാന്ധി ആരോപിച്ചു

By Trainee Reporter, Malabar News
rahul gandi-kamal hasan
Ajwa Travels

ന്യൂഡെൽഹി: രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ അണിചേർന്ന് മക്കൾ നീതി മയ്യം നേതാവും നടനുമായ കമൽ ഹാസൻ. ജോഡോ യാത്ര രാജ്യതലസ്‌ഥാനമായ ഡെൽഹിയിലേക്ക് കടന്നിരിക്കുകയാണ്. ഐടിഒ മുതൽ ചെങ്കോട്ട വരെയുള്ള മൂന്നര കിലോമീറ്റർ ദൂരം രാഹുലിനൊപ്പം സഞ്ചരിച്ചാണ് കമൽ ഹാസനും യാത്രയുടെ ഭാഗമായത്. കമലിനൊപ്പം മക്കൾ നീതി മയ്യം നേതാക്കളും അണിചേർന്നു.

ചെങ്കോട്ടയിൽ നടന്ന പൊതുയോഗത്തിലും കമൽ ഹാസൻ സംസാരിച്ചു. രാഹുൽഗാന്ധിയുടെ ക്ഷണം സ്വീകരിച്ചാണ് കമൽ യാത്രയിൽ പങ്കെടുത്തത്. തമിഴ്‌നാട്ടിൽ കോൺഗ്രസ്-ഡിഎംകെ സഖ്യവുമായി കൈകോർക്കാൻ കമൽ ഹാസൻ നീക്കങ്ങൾ നടത്തുന്നുണ്ട്. ഇതിനിടെയാണ് രാഹുലിനൊപ്പം ജോഡോ യാത്രയിൽ പങ്കെടുത്തതെന്നും ശ്രദ്ധേയമാണ്.

രാജ്യത്തെ ഒന്നിപ്പിക്കേണ്ട സമയമാണിത്. ആ ഉൾവിളിയിൽ നിന്നാണ് യാത്രയിൽ ചേർന്നതെന്ന് താരം പറഞ്ഞു. ഇന്ന് രാവിലെ സോണിയാ ഗാന്ധിയും കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയും യാത്രക്കൊപ്പം ചേർന്നിരുന്നു. 100 ദിവസത്തിലേറെ പിന്നിട്ട യാത്രയിൽ ഇത് രണ്ടാം തവണയാണ് സോണിയ പങ്കെടുക്കുന്നത്.

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖാർഗെ, ജയ്‌റാം രമേശ്, പവൻ ഖേര, ഭൂപീന്ദർ സിങ് ഹൂഡ, കുമാരി ഷെൽജ, രൺദീപ് സുർജേവാല തുടങ്ങിയ നേതാക്കളും ഇന്ന് രാജ്യതലസ്ഥാനത്ത് ജോഡോ യാത്രയിൽ പങ്കെടുത്തിരുന്നു. ജനങ്ങൾ പരസ്‌പരം സഹായിക്കുന്ന യഥാർഥ ഹിന്ദുസ്‌ഥാനെ തുറന്ന് കാണിക്കുകയാണ് യാത്രയുടെ ലക്ഷ്യമെന്ന് ഡെൽഹിയിൽ പ്രവർത്തകരെ അഭിസംബോധന ചെയ്‌ത്‌ രാഹുൽ പറഞ്ഞു.

രാജ്യത്തെ സാധാരണക്കാർ സ്‌നേഹത്തെ കുറിച്ചാണ് ഇപ്പോൾ സംസാരിക്കുന്നത്. ആർഎസ്എസും ബിജെപിയും തീർത്ത വെറുപ്പിന്റെ വിപണിയിൽ സ്‌നേഹത്തിന്റെ കട തുറക്കാനാണ് ഞങ്ങളുടെ യാത്രയെന്നും രാഹുൽ വ്യക്‌തമാക്കി.

രാജ്യം ഭരിക്കുന്നത് നരേന്ദ്രമോദി സർക്കാറല്ലെന്നും അംബാനി, അദാനി സർക്കാരാണെന്നും രാഹുൽഗാന്ധി വിമർശിച്ചു. രാജ്യം നേരിടുന്ന യഥാർഥ പ്രശ്‌നങ്ങളിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിച്ചു വിടാൻ ഹിന്ദു-മുസ്‌ലിം ധ്രുവീകരണം സൃഷ്‌ടിക്കുകയാണെന്നും ഇതിന് മാദ്ധ്യമങ്ങൾ കൂട്ടുനിൽക്കുക ആണെന്നും രാഹുൽഗാന്ധി ആരോപിച്ചു.

സെപ്റ്റംബർ ഏഴിന് ആരംഭിച്ച യാത്ര 108ആം ദിവസമാണ് ഡെൽഹിയിൽ എത്തുന്നത്. ബദർപൂർ വഴി ഡെൽഹിയിൽ എത്തിയ യാത്ര 22 കിലോമീറ്റർ സഞ്ചരിച്ചാണ് ചെങ്കോട്ടയിൽ അവസാനിച്ചത്. നാളെ മുതൽ ജനുവരി രണ്ടുവരെ യാത്രക്ക് അവധി നൽകിയിട്ടുണ്ട്.

Most Read: മഥുരയിലെ ഷാഹി ഈദ്ഗാഹ് നീക്കണമെന്ന് പരാതി; പരിശോധന നടത്താൻ കോടതി ഉത്തരവ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE