കോവിഡും വാക്‌സിനും രക്‌തദാനവും; അറിയേണ്ടതെല്ലാം

By Banu Isahak, Official Reporter
  • Follow author on
covid, vaccine and blood donation all you need to know
Representational Image
Ajwa Travels

‘രക്‌തദാനം മഹാദാനം’ എന്നാണ് ആരോഗ്യമേഖല നമ്മെ നിരന്തരം ഓർമിപ്പിക്കുന്നത്. ഈ വിശേഷണം മുമ്പത്തേക്കാളും പ്രസക്‌തമായ അവസ്‌ഥയിലൂടെയാണ് ഇന്ന് ലോകം സഞ്ചരിക്കുന്നത്.

കാരണം, കോവിഡ് വ്യാപനം രൂക്ഷമായ ഈ സാഹചര്യത്തിൽ ദാതാക്കളുടെ എണ്ണത്തിൽ വലിയ തോതിലാണ് കുറവ് വന്നിരിക്കുന്നത്. വാക്‌സിൻ എടുത്തവരും എടുക്കാനിരിക്കുന്നവരും രക്‌തദാനത്തെ ഭയപ്പെടുന്നത് ദാതാക്കളുടെ എണ്ണത്തിൽ കാര്യമായ കുറവ് ഉണ്ടാക്കിയിട്ടുണ്ട്. ഈ കുറവ്, രക്‌തം ആവശ്യമുള്ള അനേകം രോഗികളെയാണ് ദുരിതത്തിലാക്കുന്നത്.

സാമൂഹ്യ സേവനം എന്ന നിലയിൽ രക്‌തദാനം ചെയ്യാൻ സ്വയം മുന്നോട്ട് വരുന്ന നിരവധി സഹജീവി സ്‌നേഹമുള്ള മനുഷ്യർ നമുക്കിടയിലുണ്ട്. കൂടാതെ, നിരവധി ക്‌ളബ്ബുകളും സന്നദ്ധ സംഘടനകളും സജീവമായി തന്നെ ഈ രംഗത്തുണ്ട്. പക്ഷേ, ആതുരസേവന രംഗത്ത് ഗുരുതര പ്രതിസന്ധി സൃഷ്‌ടിച്ചു കടന്നുവന്ന കൊറോണ വൈറസ്, രക്‌തദാന മേഖലയുടെ നട്ടെല്ലൊടിച്ചു എന്നുവേണം പറയാൻ.

രക്‌തദാനത്തിനിടെ കോവിഡ് പകരുമോ എന്ന ഭീതിയാണ് പലരെയും പിന്നോട്ട് വലിക്കുന്നത്. കോവിഡ് പശ്‌ചാത്തലത്തിൽ ആശുപത്രിയിലേക്ക് വരാൻ തന്നെ പലരും മടി കാണിക്കുന്നു. ഈ താൽപര്യക്കുറവ് രക്‌തബാങ്കുകളെ ഗുരുതര രീതിയിലാണ് പ്രതിസന്ധിയിൽ എത്തിച്ചിരിക്കുന്നത്. ആരോഗ്യമുള്ള വ്യക്‌തികൾ രക്‌തദാനത്തിനായി മുന്നോട്ട് വരണമെന്ന് മുഖ്യമന്ത്രി ഉൾപ്പടെ ആഹ്വാനം ചെയ്‌തിട്ടും ദാതാക്കളുടെ എണ്ണത്തിലെ കുറവ് ചെറുതല്ലാത്ത ആശങ്കയാണ് ഉയർത്തുന്നത്.

ഈ സാഹചര്യത്തിൽ ചില കാര്യങ്ങൾ നാം ശ്രദ്ധിക്കേണ്ടതായും അറിയേണ്ടതായുമുണ്ട്. കോവിഡ് വ്യാപനത്തിന് രക്‌തദാനം കാരണമാകുമോ? വാക്‌സിൻ സ്വീകരിച്ചവർക്ക് രക്‌തം ദാനം ചെയ്യാമോ? തുടങ്ങി നിരവധി ചോദ്യങ്ങളും സംശയങ്ങളും ആളുകളുടെ മനസിലുണ്ട്. ഇവ ദൂരീകരിക്കേണ്ടത് വളരെ അത്യാവശ്യമാണ്. ഈ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുന്നതിന് മുൻപ് നാം അറിഞ്ഞിരിക്കേണ്ട ചില അടിസ്‌ഥാന കാര്യങ്ങളുണ്ട്.

Covid, Vaccine and blood donation; all you need to know

നമ്മുടെ ശരീര ഭാരത്തിന്റെ എട്ടു ശതമാനം രക്‌തമാണ്. മറ്റു ശരീര കലകളില്‍ നിന്ന് വ്യത്യസ്‌തമായി ശേഖരിക്കാനും സൂക്ഷിച്ചു വെക്കാനും കഴിയും എന്നതാണ് രക്‌തത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ദാനം ചെയ്‌ത രക്‌തം 35 ദിവസം വരെ സൂക്ഷിച്ചു വെക്കാന്‍ കഴിയും. മനുഷ്യ ശരീരത്തില്‍ ആവശ്യത്തില്‍ അധികം രക്‌തം ഉണ്ടെങ്കിലും അതില്‍ കാല്‍ ഭാഗം വാര്‍ന്നു പോകുകയാണെങ്കില്‍ ഗുരുതരാവസ്‌ഥയില്‍ ആകും. രക്‌തം പല അപകടാവസ്‌ഥകളിലും ജീവന്‍ നിലനിര്‍ത്താന്‍ ആവശ്യമായി വരും. അതിനാല്‍ രക്‌തദാനം ഒരു ജീവന്‍ നിലനിർത്തലിന്റെ ഭാഗമാണ്.

Covid, Vaccine and blood donation; all you need to know

ആ‍ര്‍ക്കാ‍ണ് രക്‌തം വേണ്ടത്?

  • അപകടങ്ങളില്‍ പെട്ട് രക്‌തം നഷ്‌ടപ്പെടുന്നവര്‍ക്ക്
  • അപകടങ്ങളില്‍ പെട്ട് രക്‌തസഞ്ചാരത്തിന് ഭംഗം വരുന്നവര്‍ക്ക്
  • മാരകമായി പൊള്ളല്‍ ഏല്‍ക്കുന്നവര്‍ക്ക്
  • മേജര്‍ ഓപ്പറേഷന് വിധേയമാകുന്നവര്‍ക്ക്
  • പ്രസവസമയങ്ങളില്‍ അമ്മമാര്‍ക്ക്
  • പൂർണ വളര്‍ച്ച എത്താത്ത കുഞ്ഞുങ്ങള്‍
  • അനീമിയ രോഗികൾ
  • കീമോതെറാപ്പി ചെയ്യുന്ന രോഗികള്‍
  • രക്‌താര്‍ബുദം ബാധിച്ചവര്‍
  • ഡയാലിസിസ്‌ ചെയ്യുന്ന രോഗികൾ

ആരോഗ്യമുള്ള ഏതൊരു സ്‌ത്രീക്കും പുരുഷനും രക്‌തദാനം നടത്താം. ആരോഗ്യവാനായ ഒരു പുരുഷന് കൃത്യമായി മൂന്നുമാസത്തില്‍ ഒരിക്കലും സ്‌ത്രീകള്‍ക്ക് നാലുമാസത്തില്‍ ഒരിക്കലും രക്‌തദാനം നടത്താം. ഒരു വര്‍ഷത്തെയോ ആറുമാസത്തെയോ ഇടവേളയിട്ടും രക്‌തം നല്‍കാവുന്നതാണ്. അതുമല്ലെങ്കില്‍ ചില പ്രത്യേകരീതികളില്‍, ഉദാഹരണത്തിന് പ്‌ളാസ്‌മാ അല്ലെങ്കില്‍ പ്‌ളേറ്റ്‌ലേറ്റ് മാത്രമായിട്ടും ദാനം ചെയ്യാം.

Covid, Vaccine and blood donation; all you need to know

കോവിഡ് കാലത്ത് രക്‌തം ദാനം ചെയ്യാൻ സന്നദ്ധത കാട്ടുമ്പോഴും ജാഗ്രത കൈവിടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. നിലവിൽ ലോകത്തെവിടെയും തന്നെ രക്‌തദാനത്തിലൂടെ കോവിഡ് പകർന്നതായി റിപ്പോർട് ചെയ്‌തിട്ടില്ല എന്നത് ഓർക്കുക. കഴിഞ്ഞ രണ്ടുവർഷത്തിനിടെ കോവിഡിന്റെ പല വകഭേദങ്ങളും ഭീതി പരത്തിയപ്പോഴും രക്‌തദാനത്തിലൂടെയുള്ള വൈറസ് വ്യാപനം രേഖപ്പെടുത്തിയിട്ടില്ല. അതിനാൽ കൃത്യമായ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ചിരിക്കുന്ന സെന്ററുകളില്‍നിന്ന് രക്‌തദാനം നിർവഹിക്കുന്നത് മൂലം ഒരുതരത്തിലുള്ള പ്രത്യാഘാതങ്ങള്‍ക്കും സാധ്യതയില്ല എന്നത് ഉറപ്പിച്ച് പറയാനാകും.

കോവിഡ് കാലത്തെ രക്‌തദാനം; എന്തൊക്കെ ശ്രദ്ധിക്കാം

  • ഇതര രാജ്യങ്ങളിൽ നിന്നോ ഇതര സംസ്‌ഥാനങ്ങളിൽ നിന്നോ കോവിഡ് വ്യാപനം രൂക്ഷമായ ഇടങ്ങളിൽ നിന്നോ ഉള്ളവർ രക്‌തദാനം ഒഴിവാക്കുക
  • കൊറോണ പോസിറ്റീവായി സ്‌ഥിരീകരിച്ച രോഗികളില്‍ നിന്നും അസുഖം ഭേദമായി 28 ദിവസത്തിന് മുന്‍പുള്ള രക്‌തദാനം നിര്‍ബന്ധമായും ഒഴിവാക്കേണ്ടതാണ്.
  • കൊറോണ സ്‌ഥിരീകരിക്കുകയോ സംശയിക്കുകയോ ക്വാറന്റെയ്‌നില്‍ ഉള്‍പ്പെടുകയോ ചെയ്‌തവരുമായി ബന്ധപ്പെട്ടവര്‍ക്ക് അവസാനം ബന്ധപ്പെട്ട ദിവസം മുതലുള്ള 28 ദിവസത്തിനിടയിൽ രക്‌തദാനം ചെയ്യാൻ പാടില്ല.
  • രക്‌തം സ്വീകരിക്കുന്ന കേന്ദ്രങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കുക. സാമൂഹിക അകലം ഉറപ്പാക്കുക. ഇതിനാവശ്യമായ സജ്‌ജീകരണങ്ങൾ അതാത് കേന്ദ്രങ്ങൾ ഉറപ്പുവരുത്തുക.കൈകളുടെ ശുചിത്വം ഉറപ്പാക്കുക. ഇതിനായി രക്‌തം സ്വീകരിക്കുന്ന കേന്ദ്രങ്ങളിൽ സജ്‌ജീകരിച്ചിരിക്കുന്ന സാനിറ്റൈസറുകൾ, സോപ്പുകൾ എന്നിവ ഉപയോഗിക്കുക.
  • ഏതെങ്കിലും തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങൾ നിങ്ങൾക്കുണ്ടെങ്കിൽ ഒരു കാരണവശാലും രക്‌തം ദാനം ചെയ്യാതിരിക്കുക. രക്‌തം ദാനം ചെയ്യുന്ന ദിവസം നല്ലരീതിയിൽ ഭക്ഷണം കഴിക്കുകയും രക്‌തദാനത്തിന് ശേഷം ജ്യൂസ് ഉൾപ്പടെയുള്ള പാനീയങ്ങൾ കുടിക്കുകയും ചെയ്യുക.
  • രക്‌തം ദാനം ചെയ്‌ത വ്യക്‌തിക്ക് 14 ദിവസത്തിനുള്ളില്‍ ഏതെങ്കിലും സാഹചര്യത്തില്‍ കോവിഡ് രോഗബാധ സംശയിക്കുകയോ സ്‌ഥിരീകരിക്കുകയോ ചെയ്‌താൽ നിര്‍ബന്ധമായും രക്‌തം ദാനം ചെയ്‌ത കേന്ദ്രത്തെ അറിയിക്കുക. ഇതിൽ മടി കാണിക്കരുത്

Covid, Vaccine and blood donation; all you need to know

വാക്‌സിനേഷനും രക്‌തദാനവും

കേരളത്തിൽ കോവിഡ് വ്യാപനം പിടിമുറുക്കിയിരിക്കുന്ന സാഹചര്യത്തിൽ വാക്‌സിനേഷൻ വേഗത്തിൽ പൂർത്തീകരിക്കേണ്ടത് അനിവാര്യമാണ്. നിലവിൽ 18 വയസിനും 45 വയസിനും ഇടയിൽ പ്രായമുള്ളവർക്കുള്ള വാക്‌സിനേഷനാണ് സംസ്‌ഥാനത്ത് പുരോഗമിക്കുന്നത്. ഈ പ്രായത്തിനിടയിലുള്ള ആളുകളാണ് ഓരോ ആശുപത്രികളിലും അത്യാസന്ന നിലയില്‍ കിടക്കുന്ന രോഗികള്‍ക്ക് ശസ്‌ത്രക്രിയക്കും മറ്റുമായി ആവശ്യമുള്ള രക്‌തം നല്‍കുന്നത് എന്നതും ശ്രദ്ധേയമാണ്.

ഈ ഗ്രൂപ്പിലുള്ളവർ വാക്‌സിൻ സ്വീകരിച്ചു കഴിഞ്ഞാല്‍ പിന്നീട് ഏറെ നാളത്തേക്ക് രക്‌തം ദാനം ചെയ്യാന്‍ കഴിയില്ല. ഒരു പക്ഷേ ഇത് രക്‌ത ബാങ്കുകളിൽ വലിയൊരു പ്രതിസന്ധി സൃഷ്‌ടിക്കാൻ കാരണമായേക്കാം. ഈ പ്രതിസന്ധി ഒഴിവാക്കാൻ വാക്‌സിൻ സ്വീകരിക്കും മുൻപ് രക്‌തം ദാനം ചെയ്യുകയാണ് ഉചിതം.

Covid, Vaccine and blood donation; all you need to know

രണ്ടാമത്തെ ഡോസ് വാക്‌സിൻ സ്വീകരിച്ച ശേഷം 28 ദിവസം പൂര്‍ത്തിയായാല്‍ മാത്രമേ രക്‌തം ദാനം ചെയ്യാൻ പാടുള്ളൂ എന്ന് നാഷണല്‍ ബ്‌ളഡ് ട്രാന്‍സ്‌ഫ്യൂഷന്‍ കൗൺസിൽ നേരത്തെ വ്യക്‌തമാക്കിയിട്ടുണ്ട്. രണ്ടാമത്തെ ഡോസ് സ്വീകരിച്ച് 28 ദിവസം കഴിഞ്ഞ ശേഷമാണ് ഒരാളുടെ ശരീരത്തില്‍ ആന്റിബോഡിയുടെ സംരക്ഷണം സാധാരണ നിലയിലാകുന്നതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയവും വ്യക്‌തമാക്കിയിരുന്നു.

കേരളത്തിൽ കോവിഷീൽഡ്‌, കോവാക്‌സിൻ എന്നീ പ്രതിരോധ മരുന്നുകളാണ് പ്രധാനമായും നൽകിവരുന്നത്. കോവിഷീൽഡ്‌ രണ്ടാം ഡോസ് 45 – 56 ദിവസത്തിന് ഉള്ളിലും കോവാക്‌സിൻ ആദ്യ ഡോസ് കഴിഞ്ഞ് 28 ദിവസത്തിന് ശേഷവുമാണ് എടുക്കേണ്ടത്. ഏത് വാക്‌സിൻ സ്വീകരിച്ചാലും രണ്ടാമത്തെ ഡോസ് കഴിഞ്ഞ് 28 ദിവസം പൂര്‍ത്തിയാക്കിയാല്‍ രക്‌തദാനം നടത്താം.

വാക്‌സിൻ സ്വീകരിച്ച് കഴിഞ്ഞാല്‍ ഉടൻ രക്‌തദാനം നടത്താന്‍ കഴിയാത്തതിനാല്‍ ആദ്യ ഡോസ് സ്വീകരിക്കുന്നതിന് മുന്‍പ് തന്നെ ബ്‌ളഡ് ബാങ്കുകളിലേക്ക് രക്‌തം നൽകുന്നത് ഉചിതമായിരിക്കും. സംസ്‌ഥാനത്തെ മുഴുവന്‍ രക്‌ത ബാങ്കുകളിലും രക്‌തം ആവശ്യത്തിലധികം സൂക്ഷിക്കുന്നത് അടിയന്തിര സാഹചര്യങ്ങളില്‍ ഏറെ ഗുണം ചെയ്യും.

Covid, Vaccine and blood donation; all you need to know

നിലവിൽ സംസ്‌ഥാനത്ത്‌ സജീവമായ രക്‌തദാതാക്കളോട് അനുബന്ധ സംഘടനകൾ ഈ ആവശ്യം നിരന്തരം മുന്നോട്ട് വെക്കുന്നുണ്ട്. നിലവിലെ സാഹചര്യത്തിൽ രക്‌തദാനം ചെയ്യാൻ തയ്യാറാകുന്നവർ വിലമതിക്കാനാവാത്ത ഒരു സേവനം കൂടിയാണ് ചെയ്യുന്നത്. ഇതിന്റെ ഗുണം ഒരു വ്യക്‌തിക്കല്ല മറിച്ച് സമൂഹത്തിന് മുഴുവനാണ് ലഭിക്കുക.

വാക്‌സിൻ സ്വീകരിച്ച ശേഷമാണ് രക്‌തദാനം ചെയ്യാൻ എത്തുന്നതെങ്കിൽ കുറച്ച് കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.

  • നിങ്ങൾ രക്‌തദാനം ചെയ്യാൻ എത്തുമ്പോൾ അതാത് കേന്ദ്രത്തിൽ നിങ്ങൾക്ക് ലഭിച്ച വാക്‌സിന്റെ നിർമാതാക്കളുടെ പേര് (കമ്പനിയുടെ പേര്) നൽകേണ്ടതുണ്ട്
    ഏത് തരത്തിലുള്ള വാക്‌സിനാണ് സ്വീകരിച്ചതെന്ന് അറിവില്ലാത്ത യോഗ്യരായ രക്‌തദാതാക്കൾ രക്‌തം നൽകുന്നതിന് രണ്ടാഴ്‌ച വരെ കാത്തിരിക്കണം
  • രക്‌തം ദാനം ചെയ്യാൻ സന്നദ്ധരായവർ വാക്‌സിൻ സ്വീകരിക്കുമ്പോൾ എല്ലാ വിവരങ്ങളും മനസിലാക്കി വെക്കുക. വാക്‌സിന്റെ പേര്, ഡോസിന്റെ എണ്ണം, വാക്‌സിൻ നിർമാണ കമ്പനിയുടെ പേര് എന്നിവയുൾപ്പടെ കൃത്യമായി രേഖപ്പെടുത്തി വെക്കുക. രക്‌തം ദാനം ചെയ്യാൻ കേന്ദ്രത്തിൽ ഈ വിവരങ്ങളുമായി വേണം എത്താൻ.
  • മാസ്‌ക്, സാനിറ്റൈസർ തുടങ്ങിയ അടിസ്‌ഥാന സുരക്ഷാ മാനദണ്ഡങ്ങൾ ഉൾപ്പടെ നിർബന്ധമായും പാലിച്ചിരിക്കണം.

ഒഴുകുന്ന ജീവന്‍ എന്നാണ് വൈദ്യശാസ്‌ത്രം രക്‌തത്തെ വിശേഷിപ്പിക്കുന്നത്. മനുഷ്യജീവന്‍ നിലനിര്‍ത്തുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുന്ന ഒന്നാണ് രക്‌തം എന്നതുകൊണ്ടു തന്നെ രക്‌തദാനം ജീവന്റെ മഹാദാനമാവുന്നു. അതിനാല്‍ ലോകത്തെമ്പാടുമുള്ള രക്‌തദാതാക്കളുടെ കൂട്ടായ്‌മയില്‍ നമുക്കും പങ്കുചേരാം, ഒരു ജീവന് വേണ്ടി.

Covid, Vaccine and blood donation; all you need to know

Most Read: കൂട് ‘നെയ്യുന്ന’ ടൈലർബേർഡ്; കൗതുകം നിറച്ച് വീഡിയോ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE