തിരുവനന്തപുരം: ദേശീയ പാതാ വികസനത്തിന് വീണ്ടും സംസ്‌ഥാന സർക്കാർ പങ്കാളിത്തം. രണ്ട് ദേശീയപാതകളുടെ വികസനത്തിന് സംസ്‌ഥാനം ജിഎസ്‌ടി വിഹിതവും റോയൽറ്റിയും ഒഴിവാക്കും. എറണാകുളം ബൈപ്പാസ് (എൻഎച്ച് 544), കൊല്ലം-ചെങ്കോട്ട ബൈപ്പാസ് (എൻഎച്ച് 744) എന്നീ നിർമാണത്തിനാണ് സംസ്‌ഥാന പങ്കാളിത്തം നടപ്പാക്കുന്നത്.
ഇതിനായി 741.35 കോടി രൂപ സംസ്‌ഥാനത്തിന് സാമ്പത്തിക ബാധ്യത ഉണ്ടാകും. ജിഎസ്‌ടി വിഹിതവും റോയൽറ്റിയും ഒഴിവാക്കി പൊതുമരാമത്ത് വകുപ്പ് ഉത്തരവിറക്കി. ദേശീയപാതാ വികസനം സാധ്യമാക്കുന്നതിന് സംസ്‌ഥാന സർക്കാർ പ്രതിജ്‌ഞാബന്ധമാണെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ് പറഞ്ഞു. ദേശീയപാതാ അതോറിറ്റിയുമായി ചേർന്ന് പദ്ധതികൾ മുന്നോട്ട് കൊണ്ടുപോകുമെന്നും മന്ത്രി അറിയിച്ചു.
നേരത്തെ, ദേശീയപാതാ വികസനത്തിന് സംസ്‌ഥാനം 5580 കോടി രൂപ നൽകിയിരുന്നതായും അധികൃതർ പറഞ്ഞു. 44.7 കിലോമീറ്റർ ദൈർഘ്യം വരുന്ന എറണാകുളം ബൈപ്പാസ് ദേശീയപാതാ 544ലെ തിരക്ക് ഒഴിവാക്കുന്നതിനുള്ള പദ്ധതിയാണ്. എറണാകുളം ബൈപ്പാസിന് വേണ്ടി മാത്രമായി 424 കോടി രൂപ സംസ്‌ഥാനത്തിന് സാമ്പത്തിക ബാധ്യത ഉണ്ടാക്കും.
എൻഎച്ച് 744ൽ 61.62 കിലോമീറ്ററിൽ കൊല്ലം-ചെങ്കോട്ട ഗ്രീൻഫീൽഡ് പാത നിർമാണമാണ് നടക്കുന്നത്. ഇതിന് ജിഎസ്‌ടിയും റോയൽറ്റിയും ഒഴിവാക്കുക വഴി 317.35 കോടി രൂപ സംസ്‌ഥാനം വഹിക്കേണ്ടി വരും. സംസ്‌ഥാന സർക്കാരിന്റെ ഉത്തരവോട് കൂടി രണ്ടു ദേശീയപാതാ നിർമാണങ്ങളുടെ തുടർപ്രവർത്തനങ്ങൾക്ക് വേഗം കൂടും.
Most Read| പൂക്കോട് ക്യാമ്പസിൽ അരാജകത്വം, അധികൃതരുടേത് ഗുരുതര വീഴ്‌ച; കമ്മീഷൻ റിപ്പോർട്